IndiaNEWS

ഭിന്ദ്രന്‍വാലയുടെ മരുമകനും ഖാലിസ്താനി ഭീകരനുമായ ലക്ബിര്‍സിങ് റോഡെ പാകിസ്താനില്‍ മരിച്ചു

ഇസ്ലാമാബാദ്: ഖാലിസ്താന്‍ ഭീകരനേതാവ് ലക്ബിര്‍ സിങ് റോഡെ പാകിസ്താനില്‍ ഹൃദയാഘാതംമൂലം മരിച്ചതായി റിപ്പോര്‍ട്ട്. ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് (കെ.എല്‍.എഫ്), ഇന്റര്‍നാഷ്ണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐ.എസ്.വൈ.എഫ്) എന്നീ സംഘടനകളുടെ സ്വയം പ്രഖ്യാപിത തലവനും കൊല്ലപ്പെട്ട ഖാലിസ്താനി ഭീകരന്‍ ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ മരുമകനുമാണ്.

യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചതോടെ റോഡെ പാകിസ്താനിലേക്ക് കടന്നു. ലുധിയാന കോടതിയില്‍ 2021-ല്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനാണ് ലക്ബിര്‍ സിങ്ങ് റോഡെ. ശൗര്യചക്ര പുരസ്‌കാര ജേതാവും ഭീകരവാദവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ബല്‍വീന്ദര്‍ സിങിനെ 2020-ല്‍ കൊലപ്പെടുത്തിയതും റോഡെയുടെ നിര്‍ദേശപ്രകാരമായിരിന്നു.

Signature-ad

പഞ്ചാബ് മോഗ ജില്ലയിലുള്ള റോഡെയുടെ ഭൂമി കണ്ടുകെട്ടാന്‍ മൊഹാലിയിലെ പ്രത്യേക എന്‍.ഐ.എ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്ഫോടകവസ്തു നിയമം, യു.എ.പി.എ, എന്‍.ഡി.പി.എസ്, ഐ.പി.സി വകുപ്പുകള്‍ പ്രകാരം 2021 ഒക്ടോബര്‍ ഒന്നിന് എന്‍.ഐ.എ റജിസ്റ്റര്‍ചെയ്ത കേസിലായിരുന്നു കോടതി നടപടി. 2021 സെപ്തംബര്‍ 15-ന് ഫസില്‍ക്ക ജില്ലയിലുള്ള ജലലാബാദിലെ പഞ്ചാബ് നാഷ്ണല്‍ ബാങ്കിനുസമീപം ടിഫിന്‍ ബോക്സില്‍ ബോംബ് വെച്ച് സ്ഫോടനം നടത്തിയ സംഭവമാണ് കേസിനാസ്പദം.

അതിര്‍ത്തിയിലൂടെ ആയുധങ്ങളും സ്ഥോടകവസ്തുക്കളും മയക്കുമരുന്നും ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയതിന് റോഡെ ഉള്‍പ്പെടെ ഐ.എസ്.വൈ.എഫിലെ ഒമ്പതുപേര്‍ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ കേസെടുത്തിരുന്നു.

Back to top button
error: