ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി.
ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.
നേരത്തേ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രമാണിച്ച് പാചക വാതക വിലയില്‍ കുറവ് വരുത്തിയിരുന്നു. സെപറ്റംബര്‍ ഒന്നിന് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 158 രൂപയാണ് കുറച്ചത്. അതിനു മുമ്പ് ഗാര്‍ഹിക പാചകവാതകത്തിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓണസമ്മാനമാണിതെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇതേക്കുറിച്ച് പറഞ്ഞത്.