മരണവീട്ടിലെ ‘കൊലച്ചിരി’; നടന് സണ്ണി ഡിയോളിന്റെ ‘വകതിരിവി’ല്ലായ്മയില്‍ വ്യാപക വിമര്‍ശനം
മുംബൈ: സംവിധായകന് രാജ്കുമാര് കോഹ്ലിയുടെ സംസ്കാരച്ചടങ്ങിലെ പെരുമാറ്റത്തിന്‍െ്റ പേരില്‍ നടനും ബി.ജെ.പി. എം.പിയുമായ സണ്ണി ഡിയോളിനെതിരേ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് രാജ് കുമാര്‍ കോഹ്ലിയുടെ ശവസംസ്കാര ചടങ്ങുകള്‍ നടന്നത്. സിനിമാലോകത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയാണ് വിവാദമായിരിക്കുന്നത്. പ്രാര്‍ഥന യോഗത്തിലെത്തിയ സണ്ണി ഡിയോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചിരി പങ്കിടുന്ന ദൃശ്യങ്ങളാണ് വിവാദമായത്.
പ്രാര്‍ഥനാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ സണ്ണി ഡിയോള്‍ നടന് വിന്ദു ദാരാ സിംഗിനൊട് ചിരിച്ച് സംസാരിച്ചത് സോഷ്യല്‍ മീഡിയയ്ക്ക് ദഹിച്ചില്ല. അര്മാന് കോഹ്ലിയും സമീപത്ത് ഉണ്ടായിരുന്നു. സ്വന്തം പിതാവിന്റെ ദുഖത്തില്‍ വിഷമിച്ച് നില്ക്കുന്ന അര്മാന് കോഹ്ലിയുടെ സാന്നിധ്യത്തില്‍ തമാശ പറഞ്ഞ് ചിരിക്കുന്നത് വകതിരിവില്ലായ്മയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നാണമില്ലാത്ത പ്രവൃത്തി എന്നാണ് പലരും കുറിച്ചത്.
നവംബര്‍ 24 നായിരുന്നു രാജ്കുമാര് കോഹ്ലിയുടെ വിയോഗം. രാവിലെ കുളിക്കാന്‍ പോയ അദ്ദേഹം പുറത്തുവരാതായപ്പോള്‍ മകന് അര്മാന് കോഹ്ലി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.