പാലക്കാട് നഗരത്തില്‍ നിന്ന് കോയമ്പത്തൂര്‍ ദേശീയപാതയിലൂടെ ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരിവഴി സഞ്ചരിച്ചാൽ രാമശ്ശേരിയിലെത്താം. ഇഡ്ഡലി കൊണ്ട് പ്രസിദ്ധമായ ഗ്രാമം !
രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ പ്രത്യേകതരം വിഭവത്തിന്റെ ഉല്‍പാദകര്‍. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരുടെ തീന്‍മേശയില്‍ വരെ രാമശ്ശേരി ഇഡ്ഡലി എത്തിയതിനു പിന്നില്‍ ചിറ്റൂരി അമ്മയെന്ന ഗ്രാമീണ സ്ത്രീയുടെ കൈപ്പുണ്യമായിരുന്നു.ഒരു നൂറ്റാണ്ടു മുമ്പ് ചിറ്റൂരിയമ്മയാണ് രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദ് ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിയവരായിരുന്നു ചിറ്റൂരി യമ്മയുടെ കുടുംബം.ഇവരുടെ പിന്‍തലമുറ രാമശ്ശേരി ഇഡ്ഡലിയുടെ സംരക്ഷകരായി ഇപ്പോഴും നിലനില്‍ക്കുന്നു. അരി, ഉഴുന്ന് ഉലുവ എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കിയ മാവ് മണ്‍കലത്തില്‍ പ്രത്യേക തട്ടുപയോഗിച്ചാണ് വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. പാചകത്തിന് പുളി വിറക് മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന പൊന്നി അരിയാണ് ഇഡ്ഡലിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇഡ്ഡലിക്കൊപ്പം തൊട്ടുകൂട്ടാന്‍ സ്വാദുള്ള ചമ്മന്തിപ്പൊടിയാണ് നല്‍കുന്നത്.
പാലക്കാടന്‍ രുചിപ്പെരുമയില്‍ കടലും കടന്ന് പോയ പ്രശസ്തിയാണ് രാമശ്ശേരി ഇഡ്ഡലിക്ക് പറയാനുള്ളത്. വിദേശികളടക്കം നിരവധിപേർ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട് അതുപോലെത്തന്നെ കല്യാണം, പേരിടൽ കർമം തുടങ്ങിയ ചടങ്ങുകൾക്കും ധാരാളം ഇഡ്ഡലി ഇവിടെനിന്ന് പോകുന്നുണ്ട്. വീടുവീടാന്തരം വിൽപ്പനയ്ക്കെത്തുന്നത് വേറെയും.
മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കിയിരുന്നത്. മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നു. ഇപ്പോൾ നാലഞ്ച് കുടുംബങ്ങളേയുള്ളൂ.അതിലൊന്നാണ് സരസ്വതി ടീസ്റ്റാൾ.
പത്തുകിലോ പൊന്നി അരിക്ക് ഒന്നരക്കിലോ ഉഴുന്നുപരിപ്പ്; 50 ഗ്രാം ഉലുവയും. മൂന്നും കൂട്ടി നന്നായി അരച്ചു വെക്കണം. പിറ്റേദിവസം കാലത്ത് ചുടാം. അടുപ്പിനു മുന്നിലിരുന്ന് അവർ പാചക രഹസ്യം പറഞ്ഞു തുടങ്ങി.എന്നാൽ പലരും പരീക്ഷിക്കാറുണ്ടെങ്കിലും ഈ കൈപ്പുണ്യം മറ്റാർക്കും കിട്ടാറില്ലെന്നാണ് നാട്ടുവർത്തമാനം. വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നും ജനം പറയുന്നു.