
കൊച്ചി. നാദിർഷ – വിഷ്ണു ഉണ്ണികൃഷണൻ ടീം ഒരുക്കിയ ‘മാജിക് മഷ്റൂംസ്’ സിനിമ നേരിടുന്ന സൈബർ അക്രമണത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്ത്. സിനിമയെ സമൂഹമാധ്യമങ്ങൾ വഴി ആക്ഷേപിക്കുകയും തെറ്റായ തരത്തിൽ സിനിമയ്ക്കെതിരെ കടന്നാക്രമണം നടത്തുന്നതും ശരിയല്ലായെന്ന് അഷ്റഫ് പിലാക്കൽ പറയുന്നു.
കഴിഞ്ഞ ദിവസം റിലീസായ മാജിക്ക് മഷ്റും സ് സിനിമയ്ക്കെതിരെ വ്യാപകമായ രീതിയിലാണ് ആക്ഷേപങ്ങൾ ഉയരുന്നത്. സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നവരും സിനിമ കാണാതെ അഭിപ്രായം പറയുന്നവരും ഉണ്ട്. സിനിമയേക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രേഷകർക്ക് ഏത് തരത്തിലുളള അഭിപ്രായങ്ങളും പങ്ക് വയ്ക്കുവാൻ അവകാശവും അധികാരവും ഉണ്ട്.അതിനെ മാനിക്കുന്നു. പക്ഷേ സിനിമ റിലീസായിട്ട് ഫസ്റ്റ് ഷോയിക്ക് തന്നെ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ആ ഷോ പൂർണ്ണമാകും മുമ്പ് തന്നെ സിനിമ മോശമാണ് എന്ന രീതിയിൽ നെറ്റ് വർക്ക് നടത്തുന്നത് സങ്കടകരമാണ്. വളരെ വ്യാപകമായിട്ട് സിനിമയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഒരു തരത്തിലും ശരിയല്ല. അത് അംഗീകരിക്കാൻ പാടില്ല.
മാജിക്ക് മഷ്റുംസ് മാത്രമല്ല സമീപകാലത്തായിട്ട് ഒട്ടുമിക്ക സിനിമകൾക്കെതിരെയും ഇതുപോലെ പ്ലാൻ ചെയ്ത് മുൻ ധാരണയോട് കൂടി സിനിമയെ ആക്രമിക്കുന്ന ഒരു പ്രവണത വർദ്ധിച്ചുവരുന്നുണ്ട്.
വ്യക്തിപരമായ ചില താൽപര്യംകൊണ്ടും ആ സിനിമയിലെ ആരോടെങ്കിലുമുളള വിയോജിപ്പുകൊണ്ടും ആ സിനിമയെ മൊത്തമായിട്ട് ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
സിനിമ ഒരാളുടെ മാത്രം കലാസൃഷ്ടിയല്ല. നൂറ് കണക്കിന് മനുഷ്യരുടെ ഉപജീവന മാർഗവും കൂടിയാണ്. അവരുടെ ഓരോരുത്തരുടേയും അധ്വാനം കൂടിയാണ്. അവരുടെ സ്വപ്നമാണ്. അങ്ങനെ വളരെ പ്രതീക്ഷയോടുകൂടി ഒരു സിനിമ ചെയ്ത് കഴിയുമ്പോൾ നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും അഭിപ്രായം പങ്ക് വയ്ക്കാം. പക്ഷേ മുൻ വിധിയോട് കൂടി മുൻ ധാരണയോട് കൂടി ആരോടെങ്കിലുമുളള പകപോക്കൽ പോലെ ചെയ്യുന്നത് ശരിയല്ലായെന്നു അഷ്റഫ് പിലാക്കൽ പറയുന്നു.






