KeralaNEWS

തിക്കും തിരക്കും: അന്ന് പുല്ലുമേട്ടില്‍ മരിച്ചത് 102 ശബരിമലതീര്‍ത്ഥാടകര്‍; ഇന്ന് കൊച്ചിയിൽ 4 പേർ

കൊച്ചി: കളമശ്ശേരി കുസാറ്റില്‍ നടന്ന അപകടത്തിന്റെ ഞെട്ടലില്‍ ആണ് ആളുകള്‍. തിക്കിലും തിരക്കിലുംപെട്ട് നാല് ജീവനുകളാണ് അവിടെ പൊലിഞ്ഞത്.നിരവധിപ്പേര്‍ ഇപ്പഴും ആശുപത്രിയിലാണ്. അവരില്‍ പലരുടെയും നില ഗുരുതരവുമാണ്.
മറ്റുരാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നമ്മള്‍ അപകടത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂര്‍വമാണ്. 2011 ജനുവരിയില്‍ കേരളത്തെ നടുക്കി പുല്ലുമേട് ദുരന്തമുണ്ടായിരുന്നു. പുല്ലുമേട്ടില്‍ മകരവിളക്കു ദര്‍ശനത്തിനെത്തിയവരുടെ തിക്കിലുംതിരക്കിലുംപെട്ട് 102 ശബരിമലതീര്‍ഥാടകരാണ് മരിച്ചത്.

മകരജ്യോതി ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 2011 ജനുവരി 15-ന് രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു മലയാളികളും 85 ഇതരസംസ്ഥാന തീര്‍ഥാടകരും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. മൂന്നുലക്ഷത്തോളം തീര്‍ഥാടകരാണ് അന്ന് മകരജ്യോതി ദര്‍ശനത്തിനു പുല്ലുമേട്ടിലെത്തിയത്. തിരക്കുനിയന്ത്രിക്കാൻ ആവശ്യത്തിനു പോലീസുകാരില്ലാത്തതും അപകടത്തിന്റെ ആക്കംകൂട്ടി.

Signature-ad

സംഗീതനിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുസാറ്റില്‍ നാലു വിദ്യാര്‍ഥികള്‍ മരണപ്പെട്ടത് ശനിയാഴ്ചയായിരുന്നു. ഏതാണ്ട് ഒരുവര്‍ഷംമുമ്ബ് കോഴിക്കോട്  കടപ്പുറത്തും സമാനസംഭവമുണ്ടായി. അന്ന്‌ തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്.

2022 ഓഗസ്റ്റ് 21 ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയൻസ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്ന് ആളുകള്‍ തിക്കിത്തിരക്കുകയുമായിരുന്നു.

സംഭവത്തില്‍ 70 പേര്‍ക്കാണ് പരിക്കേറ്റത്. ശ്വാസംകിട്ടാതെ കുഴഞ്ഞുവീണവരുമുണ്ടായിരുന്നു.പാലിയേറ്റീവ് ധനസഹായ സമാഹരണത്തിനായി നടത്തിയ സംഗീതപരിപാടിയുടെ വേദിയിലേക്ക് ടിക്കറ്റെടുത്തെത്തിയവര്‍ക്ക് കയറാനാകാതെ വന്നതാണ് സംഘര്‍ഷത്തിലെത്തിയത്. ഇവിടെയും തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന്‌ പോലീസുണ്ടായിരുന്നില്ല.

Back to top button
error: