തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പില്‍ അംഗത്വത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജതിരിച്ചറിയില്‍ രേഖയുണ്ടാക്കിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. കേസില്‍ സാക്ഷിയായാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കേസില്‍ തുറന്ന മനസ്സാണെന്നും ഒളിച്ചുകളിക്കാന്‍ ഇല്ലെന്നും രാഹുല്‍ പ്രതികരിച്ചു. ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണ്. തന്നെ വിളിപ്പിക്കുമോയെന്ന് അഭിഭാഷകന്‍ മുഖേന ചോദിച്ചപ്പോള്‍ അങ്ങനെയൊരു നീക്കമില്ലെന്ന് പറഞ്ഞ പോലീസ്, മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നല്‍കി. അതില്‍ പോലീസിനോട് പരിഭവമുണ്ട്. നേരത്തെ ഏറ്റ പരിപാടികള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നെങ്കിലും അന്വേഷണത്തോട് സഹകരിക്കുക എന്ന മുമ്പേ പ്രഖ്യാപിച്ച് നിലപാടിന്റെ ഭാഗമായാണ് പരിപാടികള്‍ മാറ്റി വളരെ കുറിച്ച് സമയത്തില്‍ നോട്ടീസ് നല്‍കിയിട്ടുപോലും ഹാജരാവുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പോലീസിന്റെ ചോദ്യങ്ങള്‍ മറുപടി പറയാന്‍ എത്തുന്നത്. പ്രതി ചേര്‍ക്കുകയാണെങ്കില്‍ കോടതികളുണ്ടല്ലോ? കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.