IndiaNEWS

മഹാദേവ് വാതുവയ്പ് ആപ് കേസ്: ബാഗേലിനെതിരായ മൊഴി പിന്‍വലിച്ച് പ്രതി

റായ്പുര്‍: 508 കോടി രൂപയുടെ മഹാദേവ് വാതുവയ്പ് ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡ്രൈവര്‍ അസിം ദാസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ നേരത്തെ നല്‍കിയ മൊഴി പിന്‍വലിച്ചു. തന്നെ ‘ബലിയാടാക്കപ്പെടുന്നു’ എന്നു പറഞ്ഞാണ് മൊഴി പിന്‍വലിച്ചത്.

തന്നെ പ്രതിക്കൂട്ടിലാക്കുകയും മൊഴിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ദാസ് കോടതിക്ക് കത്തഴുതിയിരുന്നു. നേരത്തേ, ആരോപണങ്ങള്‍ നിഷേധിച്ച ബാഗേല്‍ ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടിയെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലു ദിവസം മുന്‍പ് നവംബര്‍ 3ന്, അസിം ദാസിന്റെ കാറില്‍നിന്ന് 5.39 കോടി രൂപ പിടിച്ചെടുത്ത ഇഡി, അസിം ദാസിനെയും കോണ്‍സ്റ്റബിള്‍ ഭീം സിങ് യാദവിനെയും (41) അറസ്റ്റ് ചെയ്തു. കേസില്‍ കുറ്റാരോപിതനായ ശുഭം സോണിയുടെ നിര്‍ദ്ദേശപ്രകാരമാണ് റായ്പുരിലെത്തിയതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കു തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി പണം കൈമാറാന്‍ എത്തിയതാണെന്നുമായിരുന്നു അസിം ദാസ് ഇഡിയോടു പറഞ്ഞത്. ഭരണകക്ഷിയുടെ നേതാക്കള്‍ക്കു തുക കൈമാറേണ്ടതായിരുന്നുവെന്ന് അസിം ദാസ് തങ്ങളോടു സമ്മതിച്ചതായും പണത്തിന്റെ അന്തിമ സ്വീകര്‍ത്താവായി മുഖ്യമന്ത്രി ബാഗേലിന്റെ പേര് പറഞ്ഞതായും ഇഡി കോടതിയെയും അറിയിച്ചിരുന്നു.

ഈ പ്രസ്താവനയാണ് അസിം ദാസ് ഇപ്പോള്‍ പിന്‍വലിച്ചത്. ”ഞാന്‍ ഒരു ബലിയാടാക്കപ്പെടുകയാണെന്ന് മനസ്സിലാക്കുന്നു. ബാഗേലിനോ ഏതെങ്കിലും വര്‍മയ്ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകനോ ഞാനൊരിക്കലും പണമോ ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ നല്‍കിയിട്ടില്ല” അസിം ദാസ് പ്രത്യേക പിഎംഎല്‍എ കോടതിയില്‍ രേഖാമൂലം നല്‍കിയ മൊഴിയില്‍ പറയുന്നു.

പിന്നാലെ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേസില്‍ ഇഡിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.പി.സിങ് പറഞ്ഞു.

ശുഭം സോണി തന്നെ തെറ്റായി പ്രതിക്കൂട്ടിലാക്കുകയായിരുന്നുവെന്ന് ആരോപിച്ച് നവംബര്‍ 10ന് അസിം ദാസ് കോടതിക്ക് കത്തെഴുതിയിരുന്നു. ”ദുബായില്‍ വച്ചാണ് ശുഭം സോണിയെ കണ്ടുമുട്ടിയത്. അവിടെ ഒരു നിര്‍മാണ സ്ഥാപനം സ്ഥാപിക്കാന്‍ എന്നെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷേ മാധ്യമങ്ങള്‍ വ്യത്യസ്തമായ കഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് ശുഭം സോണിയോട് ചോദിച്ചപ്പോള്‍ സൗരഭ് ചന്ദ്രകറും രവി ഉപ്പലും മിശ്ര എന്ന ഇഡി ഉദ്യോഗസ്ഥനുമായി നേരത്തെ തന്നെ കാര്യങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനല്‍കി” കത്തില്‍ പറയുന്നു.

ഒരു കാര്‍ എടുത്ത് റായ്പുരിലെ ഹോട്ടലില്‍ എത്തിക്കാനും പിന്നീട് വാഹനത്തില്‍നിന്ന് പണം എടുക്കാനും നിര്‍ദ്ദേശം നല്‍കിയതെങ്ങനെയെന്നും കത്തില്‍ പറയുന്നുണ്ട്. തനിക്കു മനസ്സിലാകാത്ത ഒരു പ്രസ്താവനയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും ഏതെങ്കിലും രാഷ്ട്രീയക്കാരനു പണം നല്‍കുന്നതു താന്‍ നിഷേധിച്ചുവെന്നും കത്തില്‍ അസിം ദാസ് അവകാശപ്പെട്ടു. 2022 ജൂലൈയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

Back to top button
error: