KeralaNEWS

കട്ടപ്പനയില്‍ പരിക്കേറ്റവരെ അവഗണിച്ച സംഭവം; പൊലീസുകാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

ഇടുക്കി: കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെ അവഗണിച്ചതില്‍ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തല്‍. പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കട്ടപ്പന ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കും. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇരുചക്ര വാഹനവും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇതുവഴി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വാഹനം എത്തിയത്. പരിക്കേറ്റ യുവാക്കളില്‍ ഒരാളെ എടുത്തുകൊണ്ട് നാട്ടുകാര്‍ ജീപ്പിനടുത്തേക്ക് ചെന്നെങ്കിലും അതില്‍ കയറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പരിക്കേറ്റവരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പോകുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

Signature-ad

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. അപകടസമയത്ത് ഇടപെടാതെ പരിക്കേറ്റവരെ അവഗണിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവി വിശദീകരണവും തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, പരിക്കേറ്റ രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ! പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ്

Back to top button
error: