IndiaNEWS

കര്‍ണാടക ബിജെപിയില്‍ പ്രതിഷേധം; കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നിയമനത്തെ തുടര്‍ന്ന് പ്രതിഷേധസ്വരം ഉയര്‍ത്തിയ ബസനഗൗഡ പാട്ടീല്‍ യത്‌നലിനെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി എല്ലാ നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹാരം കാണുമെന്നും വിജയേന്ദ്ര പറഞ്ഞു.

ബിജെപി ഒരു കുടുംബത്തിന്റെ പാര്‍ട്ടിയാകരുതെന്ന് എംഎല്‍എ കൂടിയായ യത്‌നല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യെഡിയൂരപ്പയെയും വിജയേന്ദ്രയെയും പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഇത്. രണ്ടു സ്ഥാനങ്ങളില്‍ ഒന്നിലെങ്കിലും വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കാത്തതിലുള്ള എതിര്‍പ്പും കേന്ദ്ര നിരീക്ഷകരായി എത്തിയ ധനമന്ത്രി നിര്‍മല സീതാരാമനെയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതത്തെയും യത്‌നല്‍ അറിയിച്ചിരുന്നു.

Signature-ad

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ബിജെപി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. മുന്‍ ഉപമുഖ്യമന്ത്രിയായ ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ വൈകിയത്.

ഏഴ് തവണ ബി.ജെ.പിയില്‍നിന്ന് എം.എല്‍.എയായ ആര്‍. അശോക 2012 ജൂലൈ മുതല്‍ 2013 മെയ് വരെയാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്നത്. അഞ്ച് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍, ഗതാഗതം, ആരോഗ്യ-കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ബി.ജെ.പിയിലെ വൊക്കലിഗ സമുദായത്തില്‍ പെട്ട പ്രമുഖ നേതാവായ അശോക ബംഗളൂരുവിലെ പത്മനാഭ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്.

കര്‍ണാടക ബി.ജെ.പിയിലെ ശക്തനായ നേതാവായ ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബി.വൈ. വിജയേന്ദ്രയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ്. സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ ലിംഗായത്തില്‍ നിന്നുള്ള നേതാവാണ് വിജയേന്ദ്ര.

ഈ വര്‍ഷം മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സര്‍ക്കാറിനെ അട്ടിമറിച്ച് വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയപ്പോള്‍ ബി.ജെ.പി. 66 സീറ്റിലേക്കും ജെ.ഡി (എസ്) 19 സീറ്റിലേക്കും ഒതുങ്ങി.

മെയ് 20-ന് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, അവകാശം ഉന്നയിച്ച് നിരവധി നേതാക്കളെത്തിയതോടെ ബി.ജെ.പിക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായിരുന്നില്ല.

 

Back to top button
error: