KeralaNEWS

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണം വരെ എന്നെ കിട്ടില്ല: കെപിഎ മജീദ്

മലപ്പുറം: മുസ്ലിം ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചാരണത്തിനിടെ ഓര്‍മ്മപ്പെടുത്തലുമായി ലീഗ് നേതാവ് കെപിഎ മജീദ്. ലീഗിനെതിരായ വ്യാജവാര്‍ത്തകളിലും ഊഹാപോഹങ്ങളിലും ആരും വഞ്ചിതരാകരുത്. പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കമ്യൂണിസത്തോടുള്ള നിലപാട് 1974ല്‍ പിഎംഎസ്എ പൂക്കോയ തങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് മജീദ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു. മുസ്ലിംലീഗിലെ ഒരുപറ്റം ആളുകള്‍ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗര്‍ഭാഗ്യകരമായ കാലമായിരുന്നു അത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണം വരെ എന്നെ കിട്ടില്ലെന്ന് തങ്ങള്‍ പറഞ്ഞതായും കുറിപ്പില്‍ സൂചിപ്പിക്കുന്നു.

Signature-ad

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കമ്യൂണിസത്തോടുള്ള നിലപാട് 1974ല്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗിലെ ഒരുപറ്റം ആളുകള്‍ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗര്‍ഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങള്‍ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.

തങ്ങളുടെ വാക്കുകള്‍ ഇങ്ങനെയാണ്.

”അതിന് എന്നെ കിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാന്‍ നടപ്പാക്കിയത്.”

പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.
അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
മുസ്ലിംലീഗിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ആരും വഞ്ചിതരാകരുത്.

 

 

 

Back to top button
error: