പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കല്‍ കൊടിലുകുഴിയിലുണ്ടായ ഇടിമിന്നലിന്റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇനിയും മുക്തരായിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെറിയ ചാറ്റല്‍ മഴയില്‍ വലിയ മുഴക്കത്തോടെ മിന്നല്‍ തീഗോളമായി ജിജുഭവനത്തില്‍ ജിജുവിന്റെ വീടിനുമേല്‍ പതിച്ചത്.
ഈ സമയം ജിജുവും ഭാര്യ ഗ്രീഷ്മയും മക്കളായ ജൻമേഷും ഗോപീഷും വീടിന്റെ സിറ്റൗട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. കാതടപ്പിക്കുന്ന ഇടി മുഴങ്ങിയതും വലിയ തീഗോളം വന്ന് വീടിന് മുന്നിലെ വൈദ്യുതി പോസ്റ്റില്‍ വീഴുന്നതുമാണ് കണ്ടത്. പോസ്റ്റില്‍ നിന്ന് തീ വീടിന്റെ പാരപ്പറ്റിലേക്ക് ചിതറി. വലിയൊരു തീപ്പൊരി വളര്‍ത്തുനായയുടെ ദേഹത്തു പതിച്ച് തല്‍ക്ഷണം നായ ചത്തുവീണു.
നായയുടെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു ഗ്രീഷ്മ. നായ ഇല്ലായിരുന്നെങ്കില്‍ തീപ്പൊരി ഭാര്യയുടെ മേല്‍ പതിക്കുമായിരുന്നു. ” മഴ നനയാതെ നായയെ മാറ്റാൻ ഗ്രീഷ്മ പറഞ്ഞതാണ്. മഴ മാറുമെന്ന് കരുതി ചെയ്തില്ല ”:- ജിജു പറഞ്ഞു.
മിന്നലേറ്റ് വൈദ്യുതി മീറ്റര്‍ ബോക്സ് പൊട്ടിത്തെറിച്ചു. സ്വിച്ച് ബോര്‍ഡുകളും മൂന്ന് ഫാനും കത്തിപ്പോയി. ഫ്രിഡ്ജും വാഷിംഗ് മെഷീനും ടി.വിയും തകര്‍ന്നു. കിണറ്റിലെ വെള്ളത്തില്‍ കിടന്ന മോട്ടോര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് ഉപകരണങ്ങളായി ഇനി ഇൗ വീട്ടില്‍ ഒന്നുമില്ല. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അയല്‍വാസി കുരങ്ങനാംപൊയ്കയില്‍ കുഞ്ഞുമോന്റെ വീട്ടിലെ ഇലക്‌ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. പഞ്ചായത്തംഗം കടമ്മനിട്ട കരുണാകരനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും വീടുകള്‍ സന്ദര്‍ശിച്ചു.