പത്തനംതിട്ട: കോയമ്പത്തൂർ യാത്രയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴകിട്ടിയെങ്കിലും സർവീസ് തുടരാൻ തന്നെയാണ് റോബിൻ ബസ്സിന്‍റെ തീരുമാനം. കേരളത്തിലുടനീളം ആരാധകരെ സൃഷ്ടിച്ചാണ് റോബിൻ ബസ് പായുന്നത് ഉടമ ഗിരീഷിന്‍റെ മാസ്സ് ഡയലോകുകളും വൈറലാണ്. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെങ്കിൽ രാജ്യത്തെവിടെയും സർവീസ് നടത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസ് കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.
എന്നാൽ ഈ പെർമിറ്റ് വെച്ച് കോൺക്രാക്ട് ക്യാരേജ് സർവീസ് മാത്രമെ അനുവദിക്കൂവെന്നാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അതായിത് വിനോദസഞ്ചാരം, തീർത്ഥാടനം തുടങ്ങി ഒരു സ്ഥലത്ത് നിന്ന് നിശ്ചിത ആളുകളുമായി മറ്റൊരു സ്ഥലത്തേക്കുള്ള ട്രിപ്പ്. അല്ലാതെ നാട്ടിലെ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഓടും പോലെ ബോർഡ് വെച്ച് ഓരോ സ്റ്റോപ്പിൽ ബസ് സ്റ്റാൻഡിലും കയറി ആളെ കയറ്റി പോകുന്ന സ്റ്റേജ് ക്യാരേജ് ആയി ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കെഎസ്ആർടിസി സ്വിഫ്റ്റ് തകരുമെന്ന ഭയത്തിലാണ് നിയമം ഉണ്ടായിട്ടും തന്‍റെ ബസ്സിനെ ഓടാൻ അനുവാദിക്കാത്തത് എന്നാണ് റോബിൻ ബസ്സ് ഉടമയുടെ വാദം.
ഹൈക്കോടതിയിൽ നിന്ന് സംരക്ഷണം വാങ്ങി ട്രിപ്പ് നടത്തിയെങ്കിലും നിയമപോരാട്ടത്തിലൂടെ ഗിരീഷിന് ഇത് തെളിയിക്കേണ്ടിവരും. റോബിനെതിരെ ഗതാഗത സെക്രട്ടറി തന്നെ ഹൈക്കോടതിയിൽ പോകുമെന്നാണ് സൂചന. അതേസമയം, ആദ്യ കോയമ്പത്തൂർ യാത്രയിൽ റോബിൻ ഫാൻസിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം എംവിഡി ഉദ്യോഗസ്ഥർ നേരിട്ടു. വരുംദിവസങ്ങളിൽ ക്രമസമാധാന പ്രശ്നമായി റോബിൻ ബസ്സ് യാത്ര മാറുമോയെന്ന ആശങ്ക പൊലീസിനുണ്ട്.