KeralaNEWS

കുമളി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് മണ്ണ് മാറ്റാൻ നൽകിയ അനുമതിയുടെ മറവിൽ വ്യാപകമായി മണ്ണ് കടത്തുന്നു; കുന്നിടിച്ച് കൊണ്ടുവരുന്ന മണ്ണുപയോഗിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാടം നികത്തുന്നതായും പരാതി

ഇടുക്കി: കുമളി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് മണ്ണ് മാറ്റാൻ നൽകിയ അനുമതിയുടെ മറവിൽ വ്യാപകമായി മണ്ണ് കടത്തുന്നു. കുന്നിടിച്ച് കൊണ്ടു വരുന്ന മണ്ണുപയോഗിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാടം നികത്തുന്നതായും പരാതിയുണ്ട്. കുമളി ടൗണിനടുത്ത് പഴയ വില്ലേജ് ഓഫീസിനോട് ചേർന്നുള്ള ഈ സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. ഇവിടെ നിന്നും മണ്ണെടുത്ത് അട്ടപ്പളം സ്വദേശിയായ വത്സമ്മയെന്നയാളുടെ സ്ഥലത്ത് നിക്ഷേപിക്കാനാണ് അനുമതി നൽകിയത്.

എന്നാൽ എടുത്ത മണ്ണിൽ ഭൂരിഭാഗവും നിക്ഷേപിച്ചത് മറ്റൊരാളുടെ സ്ഥലത്ത്. സംഭവം ശ്രദ്ധയിൽ പൊലീസ് മണ്ണുമായെത്തിയ ലോറികൾ പിടികൂടി. വില്ലേജ് ഓഫീസ് പരിസരത്തു നിന്നുള്ള മണ്ണാണെന്ന് കരാറുകാരൻ പറഞ്ഞതോടെ പരിശോധന നടത്താൻ റവന്യൂ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പരിശോധനയിൽ റവന്യൂ സ്ഥലത്തു നിന്നല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് മറ്റു സ്ഥലങ്ങളിൽ നിന്നും വ്യാപകമായി മണ്ണു കടത്തുന്നത് തെളിഞ്ഞത്.

Signature-ad

കെട്ടിടം പണിയേണ്ട സ്ഥലത്തു നിന്ന് എത്ര ലോഡ് മണ്ണ് മാറ്റിയെന്നോ എവിടെ നിക്ഷേപിച്ചെന്നോ വില്ലേജ് അധികൃതരുടെയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൻറെയും കയ്യിൽ കണക്കൊന്നുമില്ല. അതുകൊണ്ടു തന്നെ പിടിക്കപ്പെടുമ്പോൾ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ സ്ഥലത്ത് നിന്നാണെന്നു പറഞ്ഞ് മണ്ണു മാഫിയ തടിതപ്പും. ​

മണ്ണുമായി എത്തുന്ന വാഹനങ്ങൾ പിടികൂടുമ്പോൾ പീരുമേട് എംഎൽഎയുടെ ഓഫീസിൽ നിന്നും പ്രാദേശിക നേതാക്കളിൽ നിന്നുമുള്ള സമ്മർദ്ദം മൂലം നടപടി എടുക്കാനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇങ്ങനെ കൊണ്ടു വരുന്ന മണ്ണുപയോഗിച്ച് അട്ടപ്പള്ളം, വലിയകണ്ടം മേഖലകളിൽ വ്യാപകമായി വയൽ നികത്തുന്നുമുണ്ട്. സംഭവം സംബന്ധിച്ച് മൈനിംഗ് ആൻറ് ജിയോളജി വകുപ്പിന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Back to top button
error: