CrimeNEWS

ആഡംബരഹോട്ടലില്‍ താമസിച്ച് MDMA വില്‍പ്പന; കൊച്ചിയില്‍ പിടിയിലായവര്‍ക്കെതിരേ മുന്‍പും ലഹരിക്കേസുകള്‍

കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ നടന്ന പോലീസ് റെയ്ഡില്‍ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. 19.82 ഗ്രാം എം.ഡി.എം.എ.യും 4.5 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍നിന്നു പിടിച്ചെടുത്തു. ഇപ്പോള്‍ കോതമംഗലം പിണ്ടിമനയില്‍ കരുമ്പത്ത് വീട്ടില്‍ താമസിക്കുന്ന കൊല്ലം വലിയകുളങ്ങര സജന ഭവനില്‍ റിജു (41), കോട്ടയം കുറവിലങ്ങാട് നസ്രത്ത് കരിങ്കുളം ഡിനോ ബാബു (32), കണ്ണൂര്‍ ധര്‍മടം സ്വദേശിനി മൃദുല (38) എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ എം.ഡി.എം.എ.യും ഹാഷിഷ് ഓയിലും വില്പന നടത്താന്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് എം.ഡി.എം.എ.യും ഹാഷിഷ് ഓയിലും മയക്കുമരുന്ന് തൂക്കി വില്പന നടത്തുന്ന ഡിജിറ്റല്‍ വെയിങ് മെഷീനും പിടിച്ചെടുത്തു.

Signature-ad

ഒന്നാം പ്രതി റിജുവിനെതിരേ നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ കടവന്ത്ര പോലീസിന്റെ പിടിയിലായിരുന്ന ഇയാള്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് അധികമായില്ല. കൂടാതെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും മൂവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി, പേട്ട, പുത്തൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി വഞ്ചനാ കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

രണ്ടാം പ്രതി ഡിനോ ബാബുവിന് മരട് പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നു കേസും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും കോതമംഗലം പോലീസ് സ്റ്റേഷനിലും വഞ്ചനാ കേസുമുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: