ദുബായ്: ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി ആര്‍ടിഎ അറിയിച്ചു. മോശം കാലാവസ്ഥയും ഗതാഗതതടസ്സവുമാണ് ബസുകള്‍ റദ്ദാക്കാന്‍ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ യാത്രയ്കിറങ്ങും മുന്‍പ് ആര്‍ടിഎ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 20 വിമാന സര്‍വീസുകളെ മോശം കാലാവസ്ഥ ബാധിച്ചു. 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 6 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. വിമാനത്താവളത്തിലേക്കു പോകുന്നവര്‍ യാത്ര മെട്രോയില്‍ ആക്കണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ സമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ മെട്രോ യാത്രയാണ് ഉചിതമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ദുബായ് എയര്‍ ഷോയുടെ സമാപന ദിവസത്തെ പരിപാടികളെ മോശം കാലാവസ്ഥ ബാധിച്ചില്ല. കനത്ത മഴയില്‍ വാഹനം ഒഴുകിപോയി, ആളപായം ഉണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ വിവരങ്ങള്‍ ഫുജൈറ പൊലീസ് നിഷേധിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടകരമായ സാഹചര്യത്തിലേക്കു വാഹനവുമായി പോയതിനു ഡ്രൈവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. തെറ്റായ വിവരങ്ങളുള്ള വിഡിയോ പങ്കുവയ്ക്കരുതെന്നും പൊലീസ് അറിയിച്ചു.
ഇന്നലത്തെ മഴയില്‍ വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ ഫോട്ടോയും വീഡിയോയും സഹിതം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നു ദുബായ് പൊലീസ് അറിയിച്ചു. ഇന്‍ഷുറന്‍സ് നടപടികളുടെ ഭാഗമായിട്ടു സമഗ്ര റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിനുള്ള തെളിവായാണ് വീഡിയോയും ഫോട്ടോയും ചിത്രീകരിക്കേണ്ടത്.