നിശബ്ദമായി ദീപാവലി ആഘോഷിക്കുന്ന നാട് ! അതിനൊരു കാരണമുണ്ട്
ചെന്നൈ: രാജ്യമെങ്ങും ദീപാവലി ആഘോഷം പൊടിപൊടിച്ചു. പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചുമൊക്കെയാണ് ആഘോഷം. എന്നാല്‍, ഇവരില്‍ നിന്നൊക്കെ വ്യത്യസ്തരായി ഒരു ഗ്രാമത്തിലെ നൂറോളം കുടുംബങ്ങളുണ്ട് തമിഴ്നാട്ടില്‍. നിശബ്ദമായി ദീപാവലി ആഘോഷിക്കുന്നവരാണ് ഇവര്‍. ധര്‍മപുരി ജില്ലയിലെ പാലക്കോട് ബല്ലേനഹള്ളി ഗ്രാമത്തിലാണ് ഈ വിചിത്രമായ ദീപാവലി ആഘോഷം.
കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളാണ് തമിഴ്നാട്ടില്‍ എങ്ങും. എന്നാല്‍ ബല്ലേനഹള്ളി ഗ്രാമത്തിലെത്തിയാല് ഇതൊന്നുമില്ല. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ ഒത്തൊരുമിച്ച് എടുത്ത തീരുമാനമാണിത്. ഗ്രാമത്തിലെ മുനിയപ്പന് ക്ഷേത്രത്തോട് ചേര്‍ന്നുള്ള ആല്‍മരത്തിലും പുളിമരത്തിലുമാണ് വവ്വാലുകളുടെ വാസം. ആയിരക്കണക്കിന് വവ്വാലുകളുണ്ടിവിടെ. ആഘോഷങ്ങള്‍ ശബ്ദമയമാക്കി ഇവയെ ബുദ്ധിമുട്ടിക്കാന്‍ ഗ്രാമവാസികള്ക്കാവില്ല. ഗ്രാമത്തിലെ ഓരോ കുടുംബങ്ങളെയും പോലെ തന്നെയാണ് ബല്ലേനഹള്ളിയിലുള്ളവര്ക്ക് ഈ വവ്വാലുകളും.
ദീപാവലിക്ക് മാത്രമല്ല, പൊങ്കല്‍ ഉള്‍പ്പെടെ ആഘോഷം ഏതാണെങ്കിലും ഈ ഗ്രാമം നിശബ്ദമാണ്. കാതടപ്പിയ്ക്കുന്ന ആഘോഷങ്ങള്‍, വവ്വാലുകള്‍ക്കായി മാറ്റിവച്ച ഗ്രാമവാസികള്‍ മാതൃകയാണ് എല്ലാവര്ക്കും.