KeralaNEWS

മുഖ്യമന്ത്രി പങ്കെടുക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ ലൈംഗികാരോപണം നേരിടുന്നയാള്‍ക്ക് ക്ഷണം; വിവാദമായതോടെ പുതിയ നോട്ടീസിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യേണ്ട ചടങ്ങിലേക്ക് ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാളെ ക്ഷണിച്ചുകൊണ്ട് ഇറക്കിയ നോട്ടീസ് വിവാദമായതോടെ സംഘാടകര്‍ പുതിയ നോട്ടീസ് ഇറക്കി. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് എന്‍ബിറ്റിയുടെ അസിസ്റ്റന്റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസിനെ ക്ഷണിച്ചത്. പുസ്തക പരിചയത്തിനായി നിശ്ചയിച്ചിരുന്നത് റൂബിന്‍ ഡിക്രൂസിനെയായിരുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാളെ മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പുസ്തക പ്രകാശനം. ക്യാപ്റ്റന്‍ ലക്ഷ്മിയെ പോലുള്ളവരെ ആദരിക്കാനാണോ അപമാനിക്കാനാണോയെന്ന തരത്തില്‍ റൂബിന്‍ ഡിക്രൂസിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Signature-ad

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്റ് എഡിറ്ററുമായ റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്ന് ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് പരാതി നല്‍കിയത്. 2020 ഒക്‌ടോബര്‍ രണ്ടിനാണ് ഡല്‍ഹിയില്‍ വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന് 2021 ഫെബ്രുവരി 21 ന് ഡല്‍ഹി വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വാടക വീട് കണ്ടെത്തുന്നതിനായി സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി തന്നോട് റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ കേസില്‍ നവംബര്‍ 18 ഡല്‍ഹി പട്യാല ഹൗസ് കോടതി ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.

Back to top button
error: