കോഴിക്കോട്: കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബ(57) യുടെ മൃതദേഹം കണ്ടെത്തി. കേരളാ തമിഴ്നാട് അതിര്‍ത്തിയിലായി നിലമ്പൂര്‍ നാടുകാണി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഒരാളെ കസബ പൊലീസ് പിടികൂടിയിരുന്നു. താനൂര്‍ സ്വദേശി സമദ് (52) ആണ് കസബ പൊലീസ് പിടിയിലുള്ളത്. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്റെ സഹായത്തോടെ ഇയാള്‍ സൈനബയെ കൊന്നതായാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഏഴാം തീയതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സൈനബയെ ഫോണില്‍ വിളിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസില്‍ പിടിയിലായ സമദ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സൈനബയുടെ കൈവശമുള്ള സ്വര്‍ണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞു.
കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാണ് സമദും സുലൈമാനും കാറില്‍ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവര്‍ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാള്‍ കഴുത്തില്‍ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരില്‍ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, പ്രതി സമദും സൈനബയും വര്‍ഷങ്ങളായി പരിചയക്കാരെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട്. സൈനബയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും പലതവണ പണം നല്കി ബന്ധപ്പെട്ടിട്ടുണ്ടെന്നും സമദ് പൊലീസിനു മൊഴി നല്കി. താനൂരില്‍ ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സൈനബയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. വീട്ടില്‍വച്ച് ബന്ധപ്പെടുകയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ ഭാര്യയും മകളുമുണ്ടായിരുന്നതിനാല്‍ നടന്നില്ല. തുടര്‍ന്ന് മുക്കത്തിനു സമീപമെത്തിയപ്പോള്‍ സുലൈമാന്റെ സഹായത്തോടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പണവും കവര്‍ന്നെന്നാണ് സമദിന്റെ മൊഴി.