NEWSWorld

സിറിയയിലെ ഇറാന്‍ ആയുധകേന്ദ്രം ആക്രമിച്ച് യു.എസ്; 9 മരണം

വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ആയുധകേന്ദ്രത്തിനു നേരെ യു.എസ്സിന്റെ വ്യോമാക്രമണം. 9 പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്. യു.എസ്. സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ്. നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. പശ്ചിമേഷ്യയില്‍ യു.എസ്. സേനയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സായുധപിന്തുണ നല്‍കുന്നത് ഈ ഇറാന്‍ ആയുധകേന്ദ്രങ്ങളാണെന്നാണ് യു.എസ്. പറയുന്നത്. ആയുധകേന്ദ്രത്തിനു നേരെ രണ്ട് എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. പ്രതിരോധ സേനയ്ക്ക് നേരെയുണ്ടായേക്കാവുന്ന ഏത് ആക്രമണവും തടുക്കാന്‍ യു.എസ്. സജ്ജമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു.

Signature-ad

തങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് യു.എസ്. നിലപാട്. 2500 സൈനികരാണ് യു.എസിന് ഇറാഖിലുള്ളത്. 900 പേര്‍ സിറിയയിലുമുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 40 ആക്രമണങ്ങളെങ്കിലും തങ്ങള്‍ക്ക് നേരെ നടന്നതായാണ് യു.എസ്. അവകാശപ്പെടുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ യു.എസ്. ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു.

Back to top button
error: