IndiaNEWS

മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപി സഖ്യത്തിന് വന്‍ നേട്ടം

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി-സേന-എന്‍സിപി സഖ്യത്തിന് വന്‍ നേട്ടം. 2,359 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1,350 പഞ്ചായത്തുകള്‍ ബിജെപി സഖ്യമായ മഹായുതി പിടിച്ചെടുത്തു.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് 178 പഞ്ചായത്തുകളിലാണ് ജയിക്കാനായത്. എന്നാല്‍, ഭിന്നിച്ചു പോയ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് 371 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാനായി. ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ നേടാനായത് ബിജെപിക്കാണ്, 743. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 240 പഞ്ചായത്തുകള്‍ നേടി.

Signature-ad

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് 53 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചു. അടുത്തിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ബിആര്‍എസിന് മിന്നുന്ന ജയമാണിത്. പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസ് 271 സീറ്റുകളുമായി മുന്നിലെത്തി. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 110 ഉം സീറ്റുകളില്‍ ഒതുങ്ങി.

എന്‍സിപി പിളര്‍ന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ പക്ഷം നേട്ടമുണ്ടാക്കി. പവാര്‍ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയടക്കമുള്ള പാര്‍ട്ടി കോട്ടകള്‍ അജിത് പക്ഷത്തോട് ചേര്‍ന്നുനിന്നപ്പോള്‍ എവിടെയും കാര്യമായ മേല്‍ക്കോയ്മ അവകാശപ്പെടാന്‍ ശരദ് പവാര്‍ പക്ഷത്തിനായില്ല. ബാരാമതി താലൂക്കിലെ 31 പഞ്ചായത്തുകളില്‍ 29ഉം അജിത് വിഭാഗം നേടി. പുണെ ജില്ലയിലും അജിത്തിനാണു നേട്ടം.

പാര്‍ട്ടി ചിഹ്നത്തിലോ, പേരിലോ അല്ല മഹാരാഷ്ട്രയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അതേസമയം, പ്രാദേശിക പാനലുകളെ പാര്‍ട്ടികള്‍ പിന്തുണയ്ക്കാറുണ്ട്. മത്സരിച്ചു വിജയിച്ച ശേഷം സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയോ, രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയം അവകാശപ്പെടുകയോ ചെയ്യുകയാണു രീതി.

 

Back to top button
error: