തൃശൂര്‍: ടി.പി വധക്കേസ് പ്രതി കൊടി സുനിയെ ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ കൊടിസുനി ഉള്‍പ്പെടെ പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാര്‍ഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു.