ന്യൂഡല്‍ഹി: നവംബര്‍ 19ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ സിഖ് വംശജര്‍ ആരും കയറരുതെന്ന മുന്നറിയിപ്പുമായി ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ വീഡിയോയിലാണ് ഗുര്‍പത്വന്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 19 ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകള്‍ക്ക് ‘ജീവന്‍ അപകടത്തിലാകും’ എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
നവംബര്‍ 19ന് സിഖ് ജനതയോട് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഗോളപരമായി ഉപരോധങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവന്‍ അപകടത്തിലാകും എന്നായിരുന്നു പന്നൂന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിനൊപ്പം തന്നെ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബര്‍ 19ന് അടച്ചിടുമെന്നും വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും പുന്നന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന ദിവസമാണെന്നും ഭീകരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇസ്രയേലിന് മേല്‍ നടത്തിയതിന് സമാനമായി ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഒക്ടോബര്‍ 10ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയില്‍ നിരോധിത യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ തലവനായ പന്നൂന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധത്തില്‍ നിന്നും പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോ.
നേരത്തെ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനാല്‍ 2020ല്‍ ഇന്ത്യ പന്നുനെ ഭീകരരുടെ പട്ടികയില്‍ പെടുത്തിയിരുന്നു. പിന്നീട്, ഇയാളുടെ കൃഷി ഭൂമിയും കണ്ടുകെട്ടിയിരുന്നു.
രാജ്യദ്രോഹ കേസ് അടക്കം 22 ക്രിമിനല്‍ കേസുകളില്‍ പഞ്ചാബില്‍ പ്രതിയാണ് ഇപ്പോള്‍ യുഎസില്‍ കഴിയുന്ന ഗുര്‍പത്വന്ത് സിങ് പന്നുന്‍. 2022 ഒക്ടോബര്‍ മാസത്തില്‍ പന്നുനിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോടു ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ഈ ആവശ്യം നിരസിച്ചു. ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതിനും പന്നുനിനെതിരെ നിലവില്‍ കേസുണ്ട്.