NEWSSports

മൂന്നു പെനാൽറ്റിയിൽ രണ്ടെണ്ണം രക്ഷപെടുത്തി സച്ചിൻ സുരേഷ്; ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലില്‍ ഒന്നാമത്. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ജപ്പാൻ താരം ഡെയ്സുകെയും ഗ്രീസുകാരൻ ദിമിത്രിയോസുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി  ഗോളുകൾ നേടിയത്.31ആം മിനുട്ടില്‍  ലൂണയുടെ ഒരു മികച്ച പാസിലൂടെ  ഡെയ്സുകെ  കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ തന്റെ ആദ്യ ഗോള്‍ നേടി. സ്കോര്‍ 1-0.
34ആം മിനുട്ടില്‍ പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു‌. ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് 1-0 എന്ന ലീഡില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മികച്ചു നിന്നത്. എന്നാല്‍ 83ആം മിനുട്ടില്‍ സച്ചിന്റെ ഒരു ഫൗള്‍ ഈസ്റ്റ് ബംഗാളിന് പെനാള്‍ട്ടി നല്‍കി.
ക്ലൈറ്റൻ സില്‍വ എടുത്ത പെനാള്‍ട്ടി കിക്ക് സച്ചിൻ തടഞ്ഞു. പക്ഷെ റഫറി സച്ചിൻ ഗോള്‍ ലൈൻ വിട്ട് വന്നതിനാല്‍ ഫൗള്‍ വിളിച്ചു. തുടര്‍ന്ന് വീണ്ടും ക്ലൈറ്റൻ സില്‍വ പെനാള്‍ട്ടി എടുത്തു. വീണ്ടും പെനാള്‍ട്ടി തടഞ്ഞ് സച്ചിൻ ഒരിക്കല്‍ കൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി.

89ആം മിനുട്ടില്‍ ദിമിയിലൂടെ രണ്ടാം ഗോള്‍ വന്നതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. ആ ഗോളിന് ശേഷം ജേഴ്സി ഊരി ആഘോഷിച്ച ദിമി രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്ത് പോകേണ്ടി വന്നത് നിരാശ നല്‍കിയെങ്കിലും അതിലും വലിയ നിരാശയായിരുന്നു ഇഞ്ചുറി ടൈം അവസാനിച്ച നേരത്ത് വീണ്ടും ഈസ്റ്റ് ബംഗാളിന് പെനാള്‍ട്ടി അനുവദിച്ചത്. അത് ക്ലൈറ്റൻ ലക്ഷ്യത്തില്‍ എത്തിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സ് ഇതിനകം വിജയം പൂര്‍ത്തിയാക്കിയിരുന്നു.(2-1)

 

Signature-ad

ഇന്ന് വിജയം ഉറപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി. 6 മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് 13 പോയിന്റാണുള്ളത്‌.

Back to top button
error: