പതിനാലാം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥയിൽ മനം നൊന്ത ഗുരു നാനാക്ക് പുതിയ ഒരു കൂട്ടായ്മക്ക് രൂപം കൊടുത്തുവത്രെ. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവരെയും ഒന്നായി കാണുന്ന ഒരു മതം. അതാണ് സിക്കിസം.വർഷങ്ങൾ പിന്നിട്ടപ്പോൾ അനുയായികൾ വർദ്ധിച്ചു വരുന്നതിൽ അസ്വസ്ഥനായ മുഗൾ രാജാവ് അഞ്ചാമത്തെ ഗുരുവായ അർജുൻ സിങിനെ പീഡിപ്പിച്ചു കൊന്നു. ആറാമത്തെ ഗുരു അതോടെ രണ്ടു വാളുകൾ സ്വീകരിച്ചു – പീരി ( ദൈവീക ശക്തി) , മീരി ( മാനുഷിക ശക്തി). അന്ന് മുതലാണ് സിക്കുകർ യുദ്ധമുറകളിലും പ്രാവീണ്യം നേടാൻ തുടങ്ങിയത്. മുഗൾ വംശത്തിനെത്തിരെ പല യുദ്ധവും അതിനു ശേഷം ഇവർ ജയിക്കുകയും ചെയ്തു.ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിവാജ്യ ഘടകമാണ് സിക്കുകാർ.
പത്താമത്തെ ഗുരുവായ ഗോവിന്ദ് സിംഗാണ് സിഖുകാരുടെ ഇടയിൽ ബാപ്റ്റ്റിസം കൊണ്ട് വന്നത്. അങ്ങനെയുള്ള സിക്കുകാരെ( സ്ത്രീ/ പുരുഷൻ) ഖൽസ എന്നാണ് വിളിക്കുന്നത്. പുരുഷൻ സിംഗ് എന്നും സ്ത്രീയെ കൗർ എന്നും വിളിക്കും. അവരുടെ പക്കൽ 5 കാര്യങ്ങൽ എപ്പോഴും കാണണം – കേഷ് ( വെട്ടാത്ത മുടി), കാങ്ങ(ചീപ്പ്), കാച (മുട്ടോളം വരുന്ന നിക്കർ), കാര (ഇരുമ്പ് വള), കിർപൻ (വാൾ). മുടിയും താടിയും അവർ വെട്ടില്ല. അത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെ പ്രതീകമാണ് പോലും. ഈ നീളൻ മുടി സൂക്ഷിക്കാനായി അവരു തലപ്പാവ് വെക്കുന്നു.വൃത്തി ഇവർക്ക് പരമ പ്രധാനമാണ്. അതാണ് ചീപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വൃത്തി അമൃത്സറിലെവിടെയും പ്രകടമാണ്. ലക്ഷകണക്കിന് തീർത്ഥാടകർ വന്നിട്ടും ഗുരു ദ്വാരയും ചുറ്റുമുള്ള പ്രദേശവും നല്ല വൃത്തിയിലാണ് അവർ എപ്പോഴും സൂക്ഷിച്ചിരിക്കുന്നത്.നഗരത്തിൽ പല ഇടങ്ങളിലും സൗജന്യ കുടിവെള്ള വിതരണവുമുണ്ട്. കുടിച്ച പാത്രം സോപ്പ് ഇട്ട് കഴുകിയാണ് അടുത്ത് ആൾക്ക് കുടിക്കാൻ കൊടുക്കുക.അവരുടെ ഈ വൃത്തി എടുത്ത് പറയാതെ തരമില്ല !
അമൃത്സറിൽ കാണാൻ ഇനിയും ഒത്തിരി ബാക്കിയുണ്ട്.കണ്ടതാകട്ടെ വീണ്ടും കാണാൻ മോഹം ജനിപ്പിക്കുകയും ചെയ്യും.തൽക്കാലം ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ…!
കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12483/12484)
കൊച്ചുവേളിയിൽ നിന്ന് എല്ലാ ബുധനാഴ്ചയും പുലർച്ചെ 4.50 ന് കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) പുറപ്പെടും. പത്ത് സംസ്ഥാനങ്ങളും 28 സ്റ്റോപ്പുകളും പിന്നിട്ട് 3597 കിലോമീറ്ററാണ് ഈ ട്രെയിന് ആകെ സഞ്ചരിക്കുന്നത്. മൂന്നു ദിവസം അതായത് 57 മണിക്കൂർ യാത്രയ്ക്കൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിന് അമൃത്സർ ജംങ്ഷനിൽ എത്തിച്ചേരും.
വാഗാ ബോർഡറിലേക്ക്
ഇന്ത്യയും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന വാഗാ ബോർഡറിലേക്ക് കൂടി പോയാലേ പഞ്ചാബ് യാത്ര പൂർത്തിയാകൂ. പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗാ അതിര്ത്തിയുള്ളത്. അമൃത്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ ദൂരമുണ്ട്. ക്യാബുകൾ ഇവിടേക്ക് സർവീസ് നടത്തുന്നു.
അമൃത്സറില് നിന്ന് തിരികെ കേരളത്തിലേക്ക്
അമൃത്സറില് നിന്ന് തിരികെ കേരളത്തിലേക്ക് എല്ലാ ഞായറാഴ്ചയും ആണ് ASR KCVL SF EXP (12484) ന്റെ മടക്ക യാത്ര. ഞായറാഴ്ച പുലർച്ചെ 5.55ന് പുറപ്പെടുന്ന ട്രെയിൻ 56 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചുവേളിയിലെത്തും.