SportsTRENDING

പാകിസ്ഥാന്‍ അത്രപെട്ടന്ന് ഇന്ത്യ വിടില്ല! ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തോല്‍വിയോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി ഫൈനല്‍ പ്രതീക്ഷ

മുംബൈ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തോല്‍വിയോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി ഫൈനല്‍ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 190 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ തോല്‍വി. കിവീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിവീസ് പോയിന്റ് പട്ടികയില്‍ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും എട്ട് പോയിന്റ് മാത്രമാണുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ ആറ് പോയിന്റുമായി അഞ്ചാമതാണ്. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റമായി അഫ്ഗാന്‍ ആറാം സ്ഥാനത്തും.

അഫ്ഗാന്റെ കാര്യത്തില്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം, നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാലും അവര്‍ക്ക് ശക്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ മറികടക്കേണ്ടിവരും. ജയിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടും. പാകിസ്ഥാന്റേയും ന്യൂസിലന്‍ഡിന്റേയും വിധി നിര്‍ണയിക്കുകയ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരാണ്. ശനിയാഴ്ച്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇതിലും തോറ്റാല്‍ പാകിസ്ഥാന് മടങ്ങാം. മുന്‍ ചാംപ്യന്മാരെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണിത്. വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ നാലിലെത്താം.

Signature-ad

കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും വേണം. മാത്രമല്ല, കിവീസും അഫ്ഗാനും തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകൂടി വേണം. ന്യൂസിലന്‍ഡ് അവസാന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയെയാണ് നേരിടുന്നത്. ഏഴാം സ്ഥാനത്തുള്ള ശ്രീലങ്ക ആറ് മത്സരങ്ങളില്‍ നാല് പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുവെങ്കിലും ലങ്ക അവസാന നാലിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ന് ഇന്ത്യ തോല്‍പ്പിക്കണം. മാത്രമല്ല ബംഗ്ലാദേശിനേയും മറികടക്കണം. അവസാന മത്സരത്തില്‍ കിവീസിനേയും.

ചുരുക്കത്തില്‍ ന്യൂസിലന്‍ഡ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോല്‍ക്കാനാണ് മറ്റു ടീമുകള്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശ് മാത്രമാണ് ലോകകപ്പില്‍ നിന്ന് പുറത്തായ ഏക ടീം. ദുഷ്‌കരമെങ്കിലും ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്‌സിനും സെമിയിലെത്താനുള്ള അവസരമുണ്ട്.

Back to top button
error: