CrimeNEWS

മോഷണം പോയ 20 പവന്‍ മൂന്നാം ദിവസം വീട്ടിലെ കുപ്പത്തൊട്ടിയില്‍; കിട്ടിയത് വീട്ടുജോലിക്കാരിക്ക്

മലപ്പുറം: മഞ്ചേരി അരുകിഴായയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വീട്ടില്‍ ിന്ന് മോഷണം പോയ ആഭരണങ്ങള്‍ അതേ വീടിന്റെ പിറകിലെ മാലിന്യം സംഭരിക്കുന്ന സ്ഥലത്ത് കണ്ടെത്തി. നഷ്ടപ്പെട്ട 20 പവന്‍ ആഭരണങ്ങള്‍ വീട്ടുജോലിക്കാരിയാണ് കണ്ടെത്തിയത്. ഉടന്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ വി നന്ദകുമാറിന്റെ വേട്ടഞ്ചേരി പറമ്പില്‍ ‘പ്രഭാത്’ വീട്ടില്‍ മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന മരുമകളുടെ സ്വര്‍ണാഭരണമാണ് നഷ്ടമായത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍ കണ്ടെത്തിയ ആഭരണങ്ങള്‍ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാല്‍ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വര്‍ണം ഇവിടെ കൊണ്ടിട്ടതെന്നാണ് പൊലീസ് കരുതുന്നത്.

Signature-ad

പരിചയസമ്പന്നനായ ആളല്ല മോഷ്ടാവ് എന്ന് സംഭവ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടുകാര്‍ ജോലിക്ക് പോകുന്ന സമയത്ത് വീടിന്റെ അടുത്ത് തന്നെയുള്ള സ്ഥലത്ത് താക്കോല്‍ വെക്കുകയായിരുന്നു പതിവ്. പിന്നീട് ജോലിക്കാരിയെത്തി താക്കോല്‍ എടുത്ത് വീട് വൃത്തിയാക്കും. ജോലിക്കാരി മടങ്ങിയ ശേഷമാണ് മോഷണം നടന്നത്. താക്കോല്‍ സ്ഥിരമായി വെക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പൊലീസും ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ധരുമെത്തി അന്വേഷണം ശരിയായ ദിശയിലാണെന്ന് കണ്ടതോടെ ഭയന്ന മോഷ്ടാവ് ആഭരണങ്ങള്‍ വീടിനു പിറകില്‍ കൊണ്ടിട്ടതാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഫിംഗര്‍ പ്രിന്റ് പരിശോധനാഫലം വന്നാല്‍ മാത്രമേ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കൂടുതല്‍ വ്യക്തത വരൂ. തിരികെ ലഭിച്ച സ്വര്‍ണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

 

Back to top button
error: