Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്.

ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

Signature-ad

പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമം കയ്യിലെടുക്കുകയും യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഗൗരവകരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

2020ല്‍ ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകന്‍ ബെനിക്‌സ് (32) എന്നിവരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്തു 2 ദിവസത്തിനു ശേഷം കോവില്‍പെട്ടി സബ് ജയിലില്‍ റിമാന്‍ഡില്‍ ആയിരിക്കെയാണ് അച്ഛനും മകനും മരിച്ചത്.

ഇരുവര്‍ക്കുമെതിരെ പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കട അടയ്ക്കാന്‍ പറഞ്ഞപ്പോള്‍ ഇവര്‍ വാക്കേറ്റത്തിനു മുതിര്‍ന്നുവെന്ന് പൊലീസ് പറയുന്നെങ്കിലും ദൃശ്യങ്ങളിലില്ലായിരുന്നു. കടയ്ക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വീണാണു ജയരാജിനു പരുക്കേറ്റതെന്ന പൊലീസ് വാദവും പൊളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയ സമയം തെറ്റാണെന്നും ദൃശ്യങ്ങള്‍ തെളിയിച്ചു.

#SathankulamVerdict, #JayarajAndFenix, #JusticeServed, #TamilNaduNews, #CustodialDeath, #PoliceBrutality, #DeathSentence, #MaduraiCourt, #BreakingNews, #HumanRights, #SathankulamCase, #KeralaNews, #PoliceViolence, #SreedharInspector, #CourtVerdict

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: