Breaking NewsKeralaLead NewsNEWS

‘നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും’…സിപിഎം നേതാവിനെതിരെ ജാതിയധിക്ഷേപം നടത്തി ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ?- ആർ. നാസർ

ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവും അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പരിഹസിച്ചു. അതുപോലെ അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമർശവും സുധാകരൻ നടത്തി. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുധാകരൻ യുഡിഎഫ് പിന്തുണയോടെയാണ് മൽസരിക്കുന്നത്.

അതേപോലെ സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിൽ വിട്ടത് സിപിഎമ്മുകാരാണ്. കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു. അതേസമയം പന്തളം എൻഎസ്എസ് കോളേജിൽ ബി.എ. എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി കൊലപ്പെടുത്തിയെന്നായിരുന്നു സുധാകരൻ നേരത്തേ പറഞ്ഞത്.

Signature-ad

ഇതിനിടെ പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഭുവനേശ്വരൻ കൊല്ലപ്പെടുന്ന സമയത്ത് എസ്എഫ്ഐ നേതാവ് ജി. സുധാകരനായിരുന്നു. സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നതെന്നും നാസർ ചോദിച്ചു. അമ്പലപ്പുഴയിൽ ബിജെപിയുടെ വോട്ട് കിട്ടുമെന്ന് ജി. സുധാകരൻ പറഞ്ഞത് ഡീലിൻറെ ഭാഗമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: