ഹമാസിന്റെ സർവ്വ സൈനിക സംവിധാനങ്ങളും തകര്‍ത്താണ് ഇസ്രായേൽ സേനയുടെ മുന്നേറ്റം. ഹമാസ് സായുധ ഗ്രൂപ്പായ അല്‍ ഖസാം ബ്രിഗേഡിലെ ആളുകളാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടതായും ഒട്ടേറെ പേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് വിവരം.
കരയുദ്ധം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ വടക്കൻ ഗാസയില്‍ ഹമാസിന് കനത്ത ആള്‍നാശമാണുണ്ടായിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ഗാസയില്‍ കര, കടല്‍, വ്യോമ ആക്രമണങ്ങളിലൂടെ ഹമാസിന്റെ ആന്റി – ടാങ്ക് മിസൈലുകളും റോക്കറ്റ് ലോഞ്ച് പോസ്റ്റുമടക്കം 500 ലേറെ കേന്ദ്രങ്ങള്‍ ഇസ്രായേൽ സേന തകര്‍ത്തിട്ടുമുണ്ട്.
ഗാസയില്‍ വെടിനിറുത്തല്‍ സാദ്ധ്യമല്ലെന്നും ഇത് യുദ്ധത്തിനുള്ള സമയമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സേന ഹമാസ് ടണലുകളിലേക്ക് കടന്നുകയറിയത്.
ഹമാസ് ബന്ദിയാക്കിയ ഓറി മെഗിഡിഷ് എന്ന സൈനിക ഉദ്യോഗസ്ഥയെ സൈന്യം രക്ഷിക്കുകയും ചെയ്തു ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലില്‍ നിന്ന് ഹമാസ് പിടികൂടിയ ഓറിയെ ഞായറാഴ്ച രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് സൈന്യം രക്ഷിച്ചത്.
അതേസമയം ഹമാസിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഇസ്രായേലിലെ എയ്‌ലാറ്റ് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ വിട്ട ഡ്രോണിനെ ചെങ്കടലിന് മുകളില്‍ വച്ച് ഇസ്രയേല്‍ തകര്‍ത്തിരുന്നു.
ഇത് ഇസ്രയേലിന് നേരെ തങ്ങള്‍ നടത്തിയ മൂന്നാം ദൗത്യമായിരുന്നെന്നും കൂടുതല്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും പിന്നാലെ ഹൂതികള്‍ വ്യക്തമാക്കി.