Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

പൈലറ്റിനെ രക്ഷിക്കല്‍ പുകമറയോ? അമേരിക്കന്‍ സൈന്യം നടത്തിയത് ഇറാന്റെ യുറേനിയം കടത്താനുള്ള ഓപ്പറേഷന്‍? വിമാനം സ്വയം തകര്‍ത്തത് ഓപ്പറേഷന്‍ പാളിയപ്പോള്‍? സംശയങ്ങളുമായി പ്രതിരോധ വിദഗ്ധര്‍; സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി വാര്‍ തിയറികള്‍

ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ പുകമറകള്‍ക്കിടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയുണ്ടാകുക വൈകിയാണ്. എന്നാല്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പൂരിപ്പിക്കുക ഗൂഢാലോചനാ സിദ്ധാന്തക്കാരാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍, യുഎസ് നടത്തിയ ഉന്നതതല ‘രക്ഷാപ്രവര്‍ത്തനവും തിരച്ചിലും’ പുറമെ കണ്ടതുപോലെ അല്ലായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിദ്ധാന്തം ആരോപിക്കുന്നത്. ഇതിലേറെയും പ്രതിരോധ നിരീക്ഷകരാണ് എന്നതാണു ശ്രദ്ധേയം. അതിനാല്‍ ഒറ്റയടിക്ക് എല്ലാം തള്ളിക്കളയാനും കഴിയില്ല.

തകര്‍ന്നുവീണ അമേരിക്കന്‍ പൈലറ്റിനെ പുറത്തെടുക്കാനുള്ള ദൗത്യമായി പരസ്യമായി അവതരിപ്പിച്ചത്, ഇറാനില്‍നിന്നു സമ്പുഷ്ട യുറേനിയം കടത്താനുള്ള രഹസ്യ ശ്രമമായിരുന്നെന്നും ദൗത്യം പാളിയെന്നും തെളിവുകള്‍ ഇല്ലാതാക്കാനും തങ്ങളുടെ നീക്കങ്ങള്‍ മറച്ചുവെക്കാനും യുഎസ് സേനയ്ക്ക് സ്വന്തം വിമാനം മനഃപൂര്‍വം നശിപ്പിക്കേണ്ടി വന്നെന്നും സിദ്ധാന്തത്തിന്റെ വക്താക്കള്‍ സമര്‍ത്ഥിക്കുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ ഓണ്‍ലൈനില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്.

Signature-ad

വെള്ളിയാഴ്ച നടന്ന കാര്യങ്ങള്‍ പുനപരിശോധിക്കാം.

ഇറാന്റെ ഐആര്‍ജിസി ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ ഭൂപ്രദേശത്ത് വെച്ച് വെടിവെച്ചിട്ടു. കേടുപാടുകള്‍ സംഭവിച്ച യുദ്ധവിമാനത്തില്‍ നിന്ന് രണ്ട് ക്രൂ അംഗങ്ങള്‍ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി. പൈലറ്റിനെ അന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാല്‍, രണ്ടാമത്തെ ക്രൂ അംഗമായ വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറെ കോഹ്കിലുയെഹ്, ബോയര്‍-അഹമ്മദ് പ്രവിശ്യയിലെ മലയോര മേഖലയില്‍ കാണാതായി.

വിമാനം വെടിവെച്ചിട്ട് ഏകദേശം 48 മണിക്കൂറിനുള്ളില്‍, ഞായറാഴ്ചയോടെ ഡബ്ല്യുഎസ്ഒയെയും രക്ഷപ്പെടുത്തിയതായി യുഎസ് പ്രഖ്യാപിച്ചു.

എങ്കിലും, യുഎസ് എഫ്-15ഇ തകര്‍ന്നു എന്നുള്ളത് ഒരു വ്യാജക്കഥയാണെന്നും പൈലറ്റുമാരെ രക്ഷിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ഒരു മറയായിരുന്നുവെന്നും അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പലരും വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ട യൂറേനിയം പുറത്തെടുത്ത് കടത്തിക്കൊണ്ടുപോവുക എന്നതായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ യഥാര്‍ത്ഥ പദ്ധതിയെന്നാണ് ഇവരുടെ വാദം.

വ്യാജ ഓപ്പറേഷനോ?

‘ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ട യൂറേനിയത്തിന്റെ പ്രധാന ശേഖരം (ഏകദേശം 440-970 പൗണ്ട്) പിടിച്ചെടുക്കാനുള്ള യുഎസ് സൈനിക ഓപ്പറേഷന്‍ പരാജയപ്പെട്ടപ്പോള്‍ അത് മറച്ചുവെക്കാന്‍ ഉണ്ടാക്കിയ വ്യാജക്കഥയാണ് ‘തകര്‍ന്ന പൈലറ്റ്’ എന്നത്- ഫിനാന്‍സ് ലാന്‍സലോട്ട് (FinanceLancelot) എന്ന എക്‌സ് ഹാന്‍ഡില്‍ ഉള്ള യുഎസ് ആസ്ഥാനമായുള്ള ഒരു പ്രതിരോധ നിരീക്ഷകന്‍ എഴുതി. ഏകദേശം 3,28,000 ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്. ‘യൂറേനിയം ശേഖരം സ്ഥിതി ചെയ്യുന്നത് ഇസ്ഫാഹാനിലാണ് , അവിടെ തന്നെയാണ് പൈലറ്റിനെ കാണാതായതും. ‘തിരച്ചിലിനിടെ’ യുഎസ് ആ പ്രദേശം വന്‍തോതില്‍ ബോംബിട്ടതും, ആളപായമില്ലാതെ സി-130 വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതും ഇതുകൊണ്ടാണ്’- അദ്ദേഹം പറഞ്ഞു.

ഇസ്ഫാഹാന്‍ ആണവ സാങ്കേതിക കേന്ദ്രം (INTC), ഇസ്ഫാഹാന്‍ യൂറേനിയം കണ്‍വേര്‍ഷന്‍ ഫെസിലിറ്റി (UCF), ഇസ്ഫാഹാന്‍ ഫ്യുവല്‍ മാനുഫാക്ചറിംഗ് പ്ലാന്റ് (FMP), ഇസ്ഫാഹാന്‍ ഫ്യുവല്‍ എലമെന്റ് ക്ലാഡിംഗ് പ്ലാന്റ്, ഇസ്ഫാഹാന്‍ ന്യൂക്ലിയര്‍ ഫ്യുവല്‍ റിസര്‍ച്ച് ആന്‍ഡ് പ്രൊഡക്ഷന്‍ സെന്റര്‍ (NFRPC), ഇസ്ഫാഹാന്‍ ന്യൂക്ലിയര്‍ വേസ്റ്റ് സ്റ്റോറേജ് ഫെസിലിറ്റി എന്നിവ ഉള്‍പ്പെടുന്ന ഇറാന്റെ നിര്‍ണായക ആണവ കേന്ദ്രമാണ് ഇസ്ഫാഹാന്‍. 2025 ജൂണിലെ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ സമയത്തും, മാര്‍ച്ച് അവസാനത്തിലും ഇസ്ഫാഹനിലെ പ്രധാന ആണവ കേന്ദ്രം യുഎസ് ആക്രമിച്ചിരുന്നു.

മറ്റൊരു യുഎസ് പ്രതിരോധ നിരീക്ഷകനായ ടൈലര്‍ വീവര്‍ (ആംചെയര്‍ വാര്‍ലോര്‍ഡ് എന്ന എക്‌സ് ഹാന്‍ഡില്‍), യുഎസ് ഓപ്പറേഷനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ ദീര്‍ഘമായി വിവരിച്ചു. 1,50,000-ലധികം ഫോളോവേഴ്സുള്ള വീവര്‍ ‘ക്രൂവിനെ കാണാതായതും തിരച്ചില്‍ നടത്തിയതും വ്യാജമായിരുന്നു’ എന്ന് ആരോപിച്ചു.

അദ്ദേഹം വാദിച്ചത് ഇങ്ങനെയാണ്

‘വിദൂര മേഖലയില്‍ ഒറ്റപ്പെട്ടുപോയ ഒന്നോ രണ്ടോ പൈലറ്റുമാരെ രക്ഷിക്കാന്‍ നൂറിലധികം സൈനികര്‍ക്കൊപ്പം ഒന്നിലധികം ഹെവി ട്രാന്‍സ്പോര്‍ട്ടുകളും അസാള്‍ട്ട് ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഒരു സാധാരണ തിരച്ചില്‍ ഓപ്പറേഷനായിരുന്നെങ്കില്‍ രാത്രിയില്‍ ഒന്നോ രണ്ടോ ശബ്ദം കുറഞ്ഞ ഹെലികോപ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂ, ഇത്ര വലിയ തോതിലാകില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് ആര്‍മി ചീഫ് റാന്‍ഡി ജോര്‍ജിനെ പുറത്താക്കിയത്?

സോഷ്യല്‍ മീഡിയയിലെ സിദ്ധാന്തങ്ങള്‍ ‘വ്യാജ ഓപ്പറേഷനുകളില്‍’ മാത്രം ഒതുങ്ങുന്നില്ല, മുന്‍ യുഎസ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ നാടകീയമായി പുറത്താക്കിയതിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. ഇറാനില്‍ നേരിട്ട് സൈന്യത്തെ ഇറക്കി സമ്പുഷ്ട യൂറേനിയം വേര്‍തിരിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെ ജനറല്‍ റാന്‍ഡി ജോര്‍ജ് അനുകൂലിച്ചിരുന്നില്ല .

‘ഏപ്രില്‍ 2-ന് ഹെഗ്സെത്ത് ജനറല്‍ ജോര്‍ജിനെ (യുഎസ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ്) പുറത്താക്കിയ കാര്യം ശ്രദ്ധിച്ചു. ഈ ജോലിക്ക് അദ്ദേഹം അനുയോജ്യനല്ലാത്തതുകൊണ്ടല്ല, മറിച്ച് ഈ പദ്ധതിയൊക്കെ ഭ്രാന്താണെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് അത് സംഭവിച്ചത്. ആ ജനറലിന്റെ ഉപദേശം ഒരുപക്ഷേ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു’- ടൈലര്‍ വീവര്‍ പറഞ്ഞു. പുറത്താക്കിയതിന് പെന്റഗണ്‍ കൃത്യമായ കാരണം നല്‍കിയിട്ടില്ലെങ്കിലും, പ്രതിരോധ സെക്രട്ടറിയുടെ താല്‍പ്പര്യം ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആര്‍മിയെക്കുറിച്ചുള്ള കാഴ്ചപ്പാട് നടപ്പിലാക്കുന്ന ഒരാളെ’ നിയമിക്കുക എന്നതായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യൂറേനിയം വേര്‍തിരിച്ചെടുക്കാന്‍ സൈന്യം

‘ഡേര്‍ട്ടി ബോംബുകളോ’ പൂര്‍ണതോതിലുള്ള ആണവായുധങ്ങളോ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന ഇറാന്റെ യൂറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള ഓപ്ഷനുകള്‍ യുഎസ് കുറച്ചുകാലമായി പരിഗണിക്കുന്നുണ്ടായിരുന്നു.

‘ഇറാന്റെ ആണവ സാമഗ്രികള്‍ സുരക്ഷിതമാക്കാന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും കഴിവുണ്ട്; ഇറാനില്‍ സൈന്യത്തെ നേരിട്ട് ഇറക്കിയേക്കാവുന്ന ഒരു സാഹചര്യം ഇതാണ്’- ഇറാനിലേക്ക് യുഎസ് ഗ്രൗണ്ട് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിന് ശേഷം, ഇറാന്റെ ശേഷിക്കുന്ന സമ്പുഷ്ട യൂറേനിയം ശേഖരം പുറത്തെടുക്കാന്‍ ട്രംപ് ഭരണകൂടം വലിയ അപകടസാധ്യതയുള്ള ഒരു ഗ്രൗണ്ട് ഓപ്പറേഷന്‍ ഗൗരവമായി ആലോചിക്കുന്നതായി ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ട ഒരു പോരാട്ടത്തില്‍, കൈവരിച്ച നേട്ടമായി ഉയര്‍ത്തിക്കാട്ടാനുള്ള ഒരു പ്രതീകാത്മക നീക്കമായാണ് പല വിശകലന വിദഗ്ധരും ഈ പദ്ധതിയെ കണ്ടത്.

ട്രംപിന് കീഴിലെ മുന്‍ സീനിയര്‍ അഡൈ്വസര്‍ കേണല്‍ ഡഗ്ലസ് മക്‌ഗ്രെഗര്‍ (റിട്ടയേര്‍ഡ്) ഉള്‍പ്പെടെയുള്ള പ്രമുഖര്‍, ഏതെങ്കിലും വലിയ രീതിയിലുള്ള യുഎസ് അധിനിവേശം വലിയ അപകടങ്ങള്‍ വരുത്തിവെക്കുമെന്നും ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ പാളിച്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ, മുന്‍ നാറ്റോ സുപ്രീം അലൈഡ് കമാന്‍ഡര്‍ റിട്ടയേര്‍ഡ് അഡ്മിറല്‍ ജെയിംസ് സ്റ്റാവ്രിഡിസും ഇറാന്റെ യൂറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ‘ചെറിയ നേട്ടത്തിന് വേണ്ടിയുള്ള വലിയ റിസ്‌ക്’ എന്ന് വിശേഷിപ്പിച്ചു.

എഫ്-15ഇ തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള നിര്‍ണ്ണായകമായ ആദ്യ 24 മണിക്കൂറില്‍ വൈറ്റ് ഹൗസില്‍ നിന്നോ പെന്റഗണില്‍ നിന്നോ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തത് ഇത്തരം ഓണ്‍ലൈന്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി മുതല്‍ സംഭവത്തിന്റെ സ്ഥലം വരെ എല്ലാ വിശദാംശങ്ങളും ഉപയോക്താക്കള്‍ വിശകലനം ചെയ്യുകയും, ഇതിനെ ‘യൂറേനിയം വേര്‍തിരിച്ചെടുക്കാനുള്ള യുഎസിന്റെ പരാജയപ്പെട്ട പദ്ധതി’ എന്ന് വിളിക്കുകയും ചെയ്തു.

രഹസ്യമായി യൂറേനിയം കടത്താനുള്ള ദൗത്യമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും, ഈ സിദ്ധാന്തങ്ങളുടെ തീവ്രതയും വ്യാപനവും ട്രംപ് ഭരണകൂടത്തിന്റെ വിവരണങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന സംശയത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതുവരെയുള്ള യുദ്ധത്തില്‍ അഞ്ച് തവണയെങ്കിലും ട്രംപ് ഭരണകൂടം വിജയിച്ചതായി അവകാശപ്പെടുന്നുണ്ട്.

#IranUSWar, #SathankulamVerdict, #TrumpAdministration, #UraniumExtraction, #F15E, #MiddleEastConflict, #ConspiracyTheory, #NuclearIran, #MilitaryNews, #Isfahan, #GlobalPolitics, #KeralaNews, #DailyHunt, #BreakingNews, #RescueMission, #WarUpdates, #MalayalamNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: