തക്കാളിപ്പൊടിയുടെ പ്രാധാന്യം അറിയുക, വർഷം മുഴുവൻ ഉപയോഗിക്കാം! വില വർധനവിനെ പേടിക്കേണ്ട
പാചകത്തിൽ ഏറ്റവും അവശ്യ വസ്തുവാണ് തക്കാളി. അടുത്തിടെ തക്കാളിക്ക് വൻ തോതിൽ വില കൂടിയിരുന്നു. വിലക്കയറ്റം മറികടക്കുന്നതിന്, തക്കാളി പൊടിയാക്കി മാറ്റുന്നത് മികച്ച മാർഗമാണ്. തക്കാളിയുടെ അമിത ഉത്പാദനം കർഷകർക്കും പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. വയലുകളിലോ ചന്തകളിലോ ഇത് ചീഞ്ഞുപോകുകയും ചെയ്യുന്നു. തക്കാളി സംരക്ഷണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നത്തിന്റെ കാതൽ.
കർഷകർക്ക് വിളവെടുത്ത തക്കാളിയുടെ പകുതിയിലധികവും നഷ്ടപ്പെടുന്നു, ഇത് അവരുടെ ഉപജീവനത്തെയും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെയും ബാധിക്കുന്നു. ഈ പ്രശ്നത്തിനുള്ള നൂതനമായ ഒരു പരിഹാരമാണ് മിച്ചമുള്ള തക്കാളി പൊടിയാക്കി മാറ്റുക എന്നത്. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും വർഷം മുഴുവനും തക്കാളിയുടെ രുചി ആസ്വദിക്കാനും ഏവർക്കും തക്കാളി പൊടിയാക്കി ഉപയോഗിക്കാം..
തക്കാളി പൊടി ഉണ്ടാക്കുന്ന വിധം ഇതാ:
◾ മികച്ച തക്കാളി തിരഞ്ഞെടുക്കുക
പഴുത്തതും ഉയർന്ന നിലവാരമുള്ളതുമായ തക്കാളി തിരഞ്ഞെടുക്കുക. നമുക്ക് ഏത് ഇനവും ഉപയോഗിക്കാമെങ്കിലും, ജലാംശം കുറഞ്ഞയിനത്തില്‍പ്പെട്ട റോമാ തക്കാളി മികച്ചതാണ്.
◾തക്കാളി കഴുകി മുറിക്കുക
തക്കാളി നന്നായി കഴുകുക, തണ്ടുകൾ നീക്കം ചെയ്യുക, നേർത്ത കഷണങ്ങളായി മുറിക്കുക. വേഗത്തിൽ ഉണങ്ങുന്നതിന് ഇത് സഹായിക്കും.
◾കഷ്ണങ്ങൾ ഉണക്കുക
തക്കാളി കഷണങ്ങൾ ഉണക്കാൻ ഫുഡ് ഡീഹൈഡ്രേറ്റർ, ഓവൻ അല്ലെങ്കിൽ സൂര്യപ്രകാശം പോലും ഉപയോഗിക്കാം. കഴിയുന്നത്ര ഈർപ്പം നീക്കം ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഈർപ്പം കുറവാണെങ്കിൽ, പൊടി കൂടുതൽ കാലം ശേഖരിച്ച് വെക്കാം.
◾പൊടിക്കുക
തക്കാളി കഷ്ണങ്ങളിലെ ജലാംശം പൂർണമായും നീക്കം ചെയ്തുകഴിഞ്ഞാൽ, ഗ്രൈൻഡറോ ബ്ലെൻഡറോ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഇത് പാത്രത്തിൽ ശേഖരിച്ച് വെക്കാം.
◾തക്കാളി പൊടി എങ്ങനെ ഉപയോഗിക്കാം
◾വേഗത്തിൽ തക്കാളി സോസ് അല്ലെങ്കിൽ സൂപ്പ് ഉണ്ടാക്കാൻ, തക്കാളി പൊടി ചൂടുവെള്ളത്തിൽ കലർത്തുക.
◾മാംസം, പച്ചക്കറികൾ എന്നിവ പാചകം ചെയ്യാം
◾ബ്രെഡ്, റോളുകൾ എന്നിവയുടെ രുചി വർധിപ്പിക്കാൻ ചേർക്കാം
◾പോപ്‌കോൺ, ചിപ്‌സ് തുടങ്ങിയവയിൽ തക്കാളി പൊടി വിതറി രുചികരമായ സ്നാക്ക്‌സ് ഉണ്ടാക്കാം.