ന്യൂഡല്‍ഹി: ഫോണും ഇമെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. മഹുവ മോയിത്ര , ശശി തരുര്‍, സുപ്രിയ ശ്രീനേതു, പവന് ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. സിദ്ധാര്‍ഥ് വരദരാജന്, ശ്രീറാം കര്‍റി എന്നീ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്താന്‍ശ്രമം നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മുന്നുപേരുടെ ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മഹുവ മോയ്ത്രയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലുടെ അറിയിച്ചത്. സര്‍ക്കാറിന്റെ ഭയം കണ്ട് സഹതാപം തോന്നുവെന്ന് മഹുവ മോയ്ത്ര പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നതായിട്ടുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്നലെ രാത്രി മുതല്‍ ആപ്പിള്‍ ഫോണുപയോഗിക്കുന്നവര്ക്ക് ആപ്പിളിന്റെ ഭാഗത്തു നിന്നും നിര്‍ദേശം ലഭിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരമൊരു സമീപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.