KeralaNEWS

ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം അടിച്ചു, പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി; ഹോംവര്‍ക്ക് ചെയ്തെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ചായിരുന്നു ആറാം ക്ലാസുകാരന് ട്യൂഷന്‍ ടീച്ചറുടെ ക്രൂര മര്‍ദനം

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു.

മുമ്പ് ഒരു ദിവസം കുട്ടി ട്യൂഷന് പോയിരുന്നില്ല. അന്ന് പോവാത്തതിന്‍റെ ഹോം വര്‍ക്ക് ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞിരുന്നു. ഇന്നലെ ട്യൂഷന് പോയപ്പോള്‍ ഹോം വര്‍ക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്.

Signature-ad

ട്യൂഷന്‍ കഴിഞ്ഞ് മകന്‍ വീട്ടിലെത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണെല്ലാം ചുവന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു മകന്‍. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. വീട്ടിലെത്തിയശേഷം മകളാണ് അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് താന്‍ കടയില്‍നിന്നെത്തി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെറും അടിയല്ലെന്നും ക്രൂരമായ മര്‍ദനമാണെന്നും സംഭവം അറിഞ്ഞ് അധ്യാപകനെ വിളിച്ചപ്പോള്‍ അധ്യാപകരാകുമ്പോള്‍ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും എസ് രാജീവന്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈനിന് പുറമെ പൊലീസിലും വീട്ടുകാര്‍ പരാതി നല്‍കി.

Back to top button
error: