NEWSWorld

ഗാസയില്‍ പട്ടണി രൂക്ഷം; യു.എന്‍. സംഭരണശാലകള്‍ ജനം കൈയേറി

ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണം രൂക്ഷമായ ഗാസയില്‍ പട്ടിണി രൂക്ഷമായി. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി. ഗാസ സിറ്റി, ഖാന്‍ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എന്‍ സംഭരണശാലകളില്‍ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികള്‍ ഉള്‍പ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്. ഗാസയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങള്‍ തീര്‍ന്നതിനാല്‍ മിക്ക ആളുകളും പട്ടിണിയിലാണ്.

ഇസ്രായേലിന്റെ ഉപരോധം മൂന്നാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങളില്‍ നിരാശ വളരുന്നുവെന്നും ക്രമസമാധാനനില തകരുമെന്നും യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സാനിറ്ററി പാഡുകള്‍ വരെയില്ലാത്തതിനാല്‍ വലിയ ദുരിതത്തിലാണ് ഗാസക്കാര്‍.

Signature-ad

അതിനിടെ, ഇസ്രായേല്‍ തിരിച്ചടിയില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,000 കടന്നിരിക്കുകയാണ്. ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയുണ്ട്. ഹമാസ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗസയിലെ ക്രിസ്ത്യന്‍ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

 

Back to top button
error: