CrimeNEWS

ആശുപത്രിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; പോലീസ് വന്നതോടെ വഴിയില്‍ തള്ളി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പോലീസ് പിന്തുടര്‍ന്നപ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ചു കടക്കുകയും ചെയ്ത സംഘം പിടിയില്‍. ശനിയാഴ്ച രാത്രിമുതല്‍ പുലര്‍ച്ചെവരെ നീണ്ട തിരച്ചിലിനുമൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

വെളിയം അരൂര്‍ക്കോണം അറയ്ക്കല്‍ തെക്കതില്‍ അഖിലി(23)നെയാണ് ശനിയാഴ്ച വൈകിട്ട് ആറോടെ വാനിലെത്തിയ ആറംഗസംഘം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്നു തട്ടിക്കൊണ്ടുപോയത്. അമ്പലപ്പുറം പൊയ്കയില്‍വീട്ടില്‍ അഭിലാഷ്, വെളിയം ബാബുഭവനില്‍ ബി.വിഷ്ണു, ഓടനാവട്ടം മുട്ടറ തൃക്കാര്‍ത്തികയില്‍ വി.വിഷ്ണു, ഓടനാവട്ടം ചരുവിള പുത്തന്‍വീട്ടില്‍ ബി.അനന്ദു, പ്ലാപ്പള്ളി കിഴക്കേവിള ബംഗ്ലാവില്‍ എ.അരുണ്‍, ഓടനാവട്ടം മണികണ്ഠേശ്വരം ചൂതുപറമ്പില്‍ വീട്ടില്‍ രാഹുല്‍, അമ്പലപ്പുറം ഇ.ടി.സി. ലക്ഷംവീട്ടില്‍ നാദിര്‍ഷ, ഇ.ടി.സി. സജീര്‍ മന്‍സിലില്‍ സജീര്‍, ഇ.ടി.സി. ഷഹന മന്‍സിലില്‍ മുഹമ്മദ് ഷഹന്‍ എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

പോലീസ് പറയുന്നത്: അഖിലും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുട്ടറ മരുതിമലയുടെ പടിഞ്ഞാറേ ഭാഗത്ത് സജീറിനെയും സുഹൃത്ത് ആദര്‍ശിനെയും മര്‍ദിക്കുകയും സജീറിന്റെ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. മടങ്ങുംവഴി അഖിലും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ച ബൈക്ക് വെളിയത്തിനുസമീപം അപകടത്തില്‍പ്പെട്ടു.

ചികിത്സയ്ക്കായി ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി. വിഷ്ണുവിന് ചികിത്സനല്‍കുമ്പോള്‍ ആശുപത്രിക്കു പുറത്തുനിന്ന അഖിലിനെ ആറേകാലോടെ വാനിലെത്തിയ സജീറും സംഘവും തട്ടിക്കൊണ്ടുപോയി. വാഹനത്തില്‍വെച്ച് അഖിലിനെ മര്‍ദിച്ച സംഘം ഏഴോടെ മരുതിമലയുടെ അടിവാരത്തെത്തിച്ചും മര്‍ദിച്ചു. ഇതേസമയം സ്ഥലത്തെത്തിയ പൂയപ്പള്ളി പോലീസിനെ കണ്ട് സംഘം അഖിലിനെ മലയുടെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.

വിവരമറിഞ്ഞ് കൊട്ടാരക്കരയില്‍നിന്ന് പോലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിന്റെ വാന്‍ തകരാറിലായി. മലയുടെ മറുഭാഗത്തുകൂടെ ബൈക്കില്‍ അഖിലിനെ കടത്തിയ സംഘം രാത്രി ഒന്‍പതോടെ ചുങ്കത്തറ ഭാഗത്ത് യുവാവിനെ ഉപേക്ഷിച്ചു കടന്നു. വാനിന്റെ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് രാത്രി ഒന്‍പതിന് ആരംഭിച്ച അന്വേഷണം പുലര്‍ച്ചെ മൂന്നുവരെ നീണ്ടു. സംഘത്തിലുണ്ടായിരുന്ന ഒന്‍പതുപേരെയും പിടികൂടി. ഏറ്റുമുട്ടിയ ഇരു സംഘങ്ങളും ലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.

Back to top button
error: