ന്യൂഡല്‍ഹി: ഗര്‍ബ നൃത്തത്തിനിടെ അയല്‍ക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന് മരിച്ചു. ഫരീദാബാദ് സെക്ടര്‍ 87 പ്രിന്‍സസ് പാര്‍ക്ക് സൊസൈറ്റിയില്‍ താമസക്കാരനായ പ്രേം മെഹ്ത(52)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഹൗസിങ് സൊസൈറ്റിയില്‍ ഗര്‍ബ നൃത്തം നടക്കുന്നതിനിടെ മകളെ ശല്യംചെയ്തവരെ മെഹ്ത ചോദ്യംചെയ്തിരുന്നു. സൊസൈറ്റിയിലെ താമസക്കാരായ രണ്ട് യുവാക്കളാണ് നൃത്തത്തിനിടെ പ്രേം മെഹ്തയുടെ 25 വയസുകാരിയായ മകളെ ശല്യംചെയ്തത്.
നൃത്തത്തിനിടെ യുവതിയുടെ അടുത്തെത്തിയ ഇരുവരും ഫോണ്‍നമ്പര്‍ ചോദിച്ചു. പിന്നാലെ തങ്ങളോടൊപ്പം നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന മെഹ്ത മകളുടെ സമീപത്തെത്തി യുവാക്കളെ ചോദ്യംചെയ്തു. മെഹ്തയ്ക്കൊപ്പം ഭാര്യയും മകനും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം പിടിച്ചുതള്ളുകയും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെയാണ് യുവാക്കള്‍ മെഹ്തയെ നിലത്തേക്ക് തള്ളിയിട്ടതെന്നും ഇതോടെ ഇദ്ദേഹം ബോധരഹിതനായെന്നുമാണ് ആരോപണം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മെഹ്തയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവാക്കള്‍ മകളെ ശല്യംചെയ്തതെന്നും മെഹ്തയെ ആക്രമിച്ചെന്നുമാണ് പരാതിയിലെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.