NEWSWorld

ഹമാസിന് ഐക്യദാര്‍ഢ്യം; ഇസ്രായേലി നടി അറസ്റ്റില്‍

ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അറബ്-ഇസ്രയേല്‍ നടി മൈസ അബ്ദുല്‍ ഹാദിയെ അറസ്റ്റ് ചെയ്തു. ഭീകരവാദം കുറ്റം ചുമത്തിയാണ് ഹാദിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വരെ നടിയെ കസ്റ്റഡിയില്‍ വയ്ക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള വേലി ഒരു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ചിത്രമാണ് ഹാദി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

”നമുക്ക് ബെര്‍ലിന്‍ ശൈലിയില്‍ പോകാം” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 1989 വരെ ജര്‍മനിയെ വിഭജിച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെ പരാമര്‍ശിച്ചായിരുന്നു നടിയുടെ പ്രയോഗം. ഭീകരവാദത്തെ പിന്തുണച്ചെന്നാണ് ആരോപിച്ചാണ് മൈസയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു. 37 വയസുകാരിയായ മൈസ സീരിയലുകളിലും സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ വനിതയുടെ ചിത്രം പങ്കുവച്ചുള്ള മൈസയുടെ പോസ്റ്റും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Signature-ad

അറബ് ഇസ്രയേല്‍ ഗായിക ദലാല്‍ അബു അംനെയും അവരുടെ സമൂഹമാധ്യമ പോസ്റ്റുകളിലൊന്നിന്റെ പേരില്‍ ഈ ആഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഗാസ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് ഇസ്രയേലിലെ അറബ് വംശജരെയും കിഴക്കന്‍ ജറുസലേമിലെ പലസ്തീനികളെയും കോളജുകളില്‍നിന്നും പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇസ്രായേലിന്റെ ജനസംഖ്യയുടെ അഞ്ചിലൊന്ന് അറബികളാണ്.

 

 

Back to top button
error: