NEWSWorld

ഗാസയിലെ സൈനിക നടപടി മൂന്ന് മാസംവരെ തുടര്‍ന്നേക്കും; ഹമാസ് ബാക്കിയുണ്ടാകില്ല

ടെല്‍ അവീവ്: ഗാസയ്ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. എന്നാല്‍, അവസാനം ഹമാസ് ഉണ്ടായിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. ”പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയില്‍ നമ്മുടെ അവസാനത്തെ തന്ത്രപരമായ പ്രവര്‍ത്തനം ആയിരിക്കണം ഇത്. ലളിതമായി പറഞ്ഞാല്‍ ഹമാസ് ഇനി ഉണ്ടായിരിക്കരുത്”, ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

Signature-ad

വ്യോമസേനയെ അഭിനന്ദിച്ച അദ്ദേഹം, അടുത്തഘട്ടമായ കരയാക്രമണം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഹമാസുമായി ഒരു തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിനും ഇല്ലെന്ന് ഇസ്രേയല്‍ സൈന്യം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, കരയാക്രമണം വൈകിപ്പിക്കണമെന്ന് യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്. ചര്‍ച്ചകളുടെ ഭാഗമായി വെള്ളിയാഴ്ച രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.

അതിനിടെ, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ പറയുന്നു. മേഖലയിലേക്കു കൂടുതല്‍ സൈനികസന്നാഹങ്ങള്‍ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചു. ഗാസയില്‍ 24 മണിക്കൂറിനിടെ 266 പേര്‍ കൊല്ലപ്പെട്ടെന്നും ഇവരില്‍ 117 പേര്‍ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741. ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

 

 

Back to top button
error: