ചണ്ഡീഗഡ്: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഡിവൈ.എസ്.പി. കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പൊലീസില്‍ ഡിവൈ.എസ്.പിയായ ജൊഗീന്ദര്‍ ദേശ്വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജൊഗീന്ദര്‍. ഇന്നു രാവിലെ അഞ്ചോടെ ജിമ്മില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ആളാണ് ജൊഗീന്ദര്‍. ജോഗീന്ദറിന്റെ മകന് ടോള്‍ പ്ലാസ കടക്കാന്‍ അദ്ദേഹത്തിന്റെ പൊലീസ് ഐഡി കാര്‍ഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു കാരണം. തുടര്‍ന്ന് ജൊഗീന്ദറിന്റെ മകനെ ഹരിയാന പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആശിഷ് കുമാര്‍ പിടികൂടിയതാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ജിമ്മില്‍ വര്‍ക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരാബാദിലെ ഒരു ജിമ്മില്‍ ഇരുപത്തിനാലുകാരനായ പൊലീസുകാരന് വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. അദ്ദേഹം പിന്നീട് മരണത്തിനു കീഴടങ്ങി.