FeatureNEWS

കേരളത്തിൽ നിന്നും കേദാർനാഥ് ക്ഷേത്രത്തിലേക്ക് എങ്ങനെ പോകാം ?

തിഹ്യവും അത്ഭുതങ്ങളും ഒരുപോലെ ചേരുന്ന കേദാർനാഥ് ക്ഷേത്രം പ്രസിദ്ധമായ ചാർധാം തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല,
കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ക്ലേശങ്ങൾ താണ്ടിയുള്ള തീർത്ഥാടനമാണെങ്കിലും ലക്ഷക്കണക്കിനാളുകളാണ് പ്രതിവർഷം ഇവിടേക്ക് വരുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷത്തിൽ ആറു മാസക്കാലയളവിൽ മാത്രമാണ് ദർശനത്തിനായി തുറക്കുന്നത്. ഈ വർഷം ഏപ്രില്‍ 25ന് തുറന്ന് ക്ഷേത്രം ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നവംബര്‍ 14-ന് അടയ്ക്കും..മേയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ് കേദാർനാഥ് തീർത്ഥാടനത്തിന് പറ്റിയ സമയം.
നവംബര്‍ മുതൽ ഏപ്രില്‍ വരെ ക്ഷേത്രവും പരിസരവും മഞ്ഞുമൂടിക്കിടക്കുകയും അതിനു പകരമായി ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിൽ കേദാർനാഥിലെ ചടങ്ങുകളും പൂജകളും നടത്തുകയും ചെയ്യും.
കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ചാർധാം തീർത്ഥാടനത്തിനായി പോകുന്നത്. ചാർധാം ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെങ്കിൽക്കൂടിയും കേദാർനാഥ് ക്ഷേത്രം സന്ദർശനം മാത്രം ലക്ഷ്യമാക്കി പോകുന്നവരും ഉണ്ട്. കേരളത്തിൽ നിന്നും ട്രെയിൻ മാര്‍ഗ്ഗമോ അല്ലെങ്കിൽ വിമാനമാർഗ്ഗമോ കേദാർനാഥിലേക്ക് പോകാം. എന്നാൽ നേരിട്ടുള്ള സർവീസുകൾ ലഭ്യമല്ലെന്ന് ഓർമ്മിക്കുക.
കേരളത്തിൽ നിന്നും ഋഷികേശിലേക്ക് നേരിട്ടുള്ള ട്രെയിനായ യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റിൽ കയറി പോകാം. ഋഷികേഷിലോ അല്ലെങ്കിൽ ഹരിദ്വാറിലോ ഇറങ്ങിയാൽ ഇവിടുന്ന് ബസ് കയറി,ട്രെക്ക് ചെയ്ത് കേദാർനാഥിലേക്ക് പോകാം.
കേരളത്തില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് കേദാർനാഥ് യാത്രയ്ക്കുള്ള താര്യതമ്യേന ചിലവു കുറഞ്ഞ മാർഗ്ഗം.കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന ട്രെയിനിലുള്ള യാത്ര കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ പ്ലാൻ ചെയ്യാം.
വെള്ളിയാഴ്ചകളിൽ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിച്ച് 52 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് യോഗ് നഗരി ഋഷികേശ് ജംങ്ഷനിലെത്തും.  കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.10ന് എടുക്കുന്ന ട്രെയിൻ കൊല്ലം ജംങ്ഷനിൽ 10.05, ആലപ്പുഴ 11.20, എറണാകുളം ജംഗ്ഷൻ 12.50 pm, തൃശൂർ 2.09 pm, ഷൊർണൂർ ജംങ്ഷൻ 3.05 pm, കോഴിക്കോട് 4.27 pm, കണ്ണൂർ 5.32 pm, കാസർകോഡ് 7.03 pm എന്നിങ്ങനെയാണ് കടന്നു പോകുന്നത്. മംഗലാപുരത്ത് രാത്രി 8.00 മണി, മഡ്ഗാവോൺ ജംങ്ഷനിൽ രാത്രി 1.05, തുടർന്ന് പൻവേൽ, സൂറത്ത്, വഡോധര, കോട്ട, ഹസ്രത് നിനാസുദ്ദീൻ, ഗാസിയാബാദ്, മീററ്റ്, മുസാഫർ നഗർ,റൂർകി, ഹരിദ്വാർ, വീര്‍ഭദ്ര വഴി യോഗ് നഗരി ഋഷികേശിലെത്തും.
ഹരിദ്വാറിലിറങ്ങിയാൽ ഇവിടെ നിന്നും നേരിട്ട് സോനപ്രയാഗിലേക്ക് ബസിന് പോകാം. ഏജൻസികൾ വഴിയും നേരിട്ടും ഈ ടിക്കറ്റ് എടുക്കാം. സോനപ്രയാഗിൽ നിന്നും പോകേണ്ടത് ഗൗരി കുണ്ഡ് എന്ന സ്ഥലത്തേക്കാണ്. സോൻപ്രയാഗിൽ നിന്ന് ഗൗരികുണ്ഡിലേക്കുള്ള 5 കിലോമീറ്റർ ദൂരം നടന്നു പോവുകയോ അല്ലെങ്കിൽ ഷെയർ ടാക്സിയിൽ പോവുകയോ ചെയ്യാം. ഗൗരികുണ്ഡിൽ നിന്നുമാണ് കേദാർനാഥിലേക്കുള്ള യഥാർത്ഥ തീർത്ഥാടനം ആരംഭിക്കുന്നത്. നടന്നു പോവുകയോ അല്ലെങ്കിൽ ഹെലികോപ്റ്റർ, കുതിര, ഡോളി തുടങ്ങിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയോ ചെയ്യാം.
സോൻപ്രയാഗിൽ നിന്നും 18 കിലോമീറ്റർ ദൂരം നടന്ന് കേദാർനാഥ് തീർത്ഥാടനം നടത്തുന്നവരുമുണ്ട്. സമുദ്രനിരപ്പിൽ നിന്ന 1829 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ബസുകി, മന്ദാകിനി എന്നീ രണ്ട് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് സോൻപ്രയാഗ് ഉള്ളത്.
തിരികെ വരുമ്പോൾ യോഗ് നഗരി ഋഷികേശിൽ നിന്നും എല്ലാ തിങ്കളാഴ്ചകളിലുമുള്ള യോഗ് നഗരി ഋഷികേശ്- കൊച്ചുവേളിസൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (YNRK KCVL EXP (22660)) പ്രയോജനപ്പെടുത്താം. തിങ്കളാഴ് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് കൊച്ചുവേളിയിലെത്തും.

ശ്രദ്ധിക്കുക: ചാര്‌ ധാം തീർത്ഥാടനത്തിന് ഈ വർഷം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ടോൾഫ്രീ നമ്പറിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ പോർട്ടൽ വഴിയും തീർത്ഥാടകർക്ക് ബുക്കിങ് നടത്താം.

 

Signature-ad

www.registrationandtouristcare.uk.gov.in ആണ് ഔദ്യോഗിക വെബ്സൈറ്റ്. വാട്ട്‌സ്ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനുകൾക്കായി, ‘Yatra’ എന്ന് ടൈപ്പ് ചെയ്‌ത് 8394833833 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയക്കണം. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 01351364-ൽ വിളിച്ചും ഓൺലൈനായി ചാര്‍ധാം യാത്രയ്ക്കായി സ്വയം രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ ദർശനത്തിന് അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

Back to top button
error: