കോട്ടയം:വേമ്പനാട്ട് കായലിന് കുറുകെ മാക്കേകടവ്–നേരെകടവ് പാലം പൂർത്തിയാക്കാൻ 97.23 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ തൈയ്‌ക്കാട്ടുശ്ശേരിയേയും കോട്ടയം ജില്ലയിൽ ഉദയാനപുരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.
2012ൽ തുറവൂർ – പമ്പാ പാത പദ്ധതിയിൽ പാലംപണിക്ക് ഭരണാനുമതി നൽകിയെങ്കിലും കായലിൽ തൂണുകളെല്ലാം പൂർത്തിയായപ്പോൾ ഹൈക്കോടതിയിൽ ഉണ്ടായ വ്യവഹാരംമൂലം തുടർനിർമ്മാണങ്ങൾ നിലയ്ക്കുകയായിരുന്നു. തൂണുകളിലെ ഗർഡർ സ്ഥാപിക്കൽ ഉൾപ്പെടെ തടസ്സപ്പെട്ടു.
2021 ഡിസംബറിൽ വിലക്ക് ഉത്തരവ് ഹൈക്കോടതി നീക്കിയതോടെയാണ് പാലം പൂർത്തീകരണ നടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.