NEWSWorld

ഇസ്രായേലിനെ സഹായിക്കാൻ കൂടിയ അമേരിക്കയുടെ ലക്ഷ്യം ഇറാൻ

ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രേലിനെ സഹായിക്കാൻ കൂടിയ യു.എസ് സൈന്യത്തിന്റെ നീക്കങ്ങള്‍ ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളത്.

ഹമാസിന്റെ ഗാസയിലെ ടണലുകള്‍ നിരീക്ഷിക്കുന്ന യു.എസ്, ഇറാനെതിരെ കൂടിയാണ് പോര്‍മുഖം തുറക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വൻ ആയുധശേഖരമുള്ള ഈ ടണലുകളില്‍ ഹമാസ് അംഗങ്ങള്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഈ ടണലുകളെ പറ്റി വ്യക്തമായ ധാരണയില്ലാതെ കരയാക്രമണത്തിന് ഇറങ്ങിയാല്‍ ഹമാസിനെ തുരത്താനാകില്ല. ടണലുകളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴികള്‍ ഹമാസിന് മാത്രമേ അറിയൂ. ഏകദേശം 5,000ത്തിലേറെ കവാടങ്ങള്‍ ഈ ടണലുകളിലുണ്ടെന്നാണ് കണക്ക്.

Signature-ad

 ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ 30 മീറ്റര്‍ താഴ്ചയില്‍ 500 കിലോമീറ്ററോളം ദൂരത്തില്‍ കെട്ടുപിണഞ്ഞത് പോലെ വ്യാപിച്ചിട്ടുള്ള ടണലുകളുടെ സങ്കീര്‍ണമായ ശൃംഖല തീര്‍ത്താണ് ഹമാസിന്റെ പ്രതിരോധം.ഈ ടണലുകള്‍ നിലവില്‍ യു.എസ് കമാൻ‌‌ഡോകളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.എസ് ഡ്വൈറ്റ് ഡി ഐസനോവര്‍, യു.എസ്.എസ് ഫോര്‍ഡ് എന്നീ അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും ഗാസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലില്‍ യു.എസ് വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനങ്ങളോട് കൂടിയതാണ് ഇവ.

റഡാറുകളുടെ സഹായത്തോടെ ടണലുകള്‍ നിരീക്ഷിച്ച്‌ ഹമാസിന്റെ നീക്കങ്ങളെ പറ്റി ഇസ്രയേലിന് യു.എസ് വിവരങ്ങള്‍ കൈമാറുന്നെന്നാണ് യുദ്ധവിദഗ്ദ്ധരുടെ നിഗമനം. ഈ നീക്കത്തിലൂടെ ദ്വിമുഖ യുദ്ധതന്ത്രമാണ് യു.എസ് പരീക്ഷിക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനെതിരെയുള്ള പടപ്പുറപ്പാടാണിത്. ഇറാന്റെ ആണവപദ്ധതികളില്‍ ടണലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആണവോപകരണങ്ങളുടെ നീക്കത്തിനും മറ്റുമായി നിരവധി ടണലുകള്‍ ഇറാൻ സജ്ജീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമത്താവളത്തിന്റെ ചിത്രങ്ങള്‍ ഇറാൻ പുറത്തുവിട്ടിരുന്നു. മലനിരകള്‍ക്കുള്ളില്‍ നൂറുകണക്കിന് മീറ്ററുകള്‍ ആഴത്തിലുള്ള ഇവിടെ ദീര്‍ഘദൂര ക്രൂസ് മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇസ്രയേല്‍, യു.എസ് അടക്കമുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ ഇവിടെ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഹമാസ് ടണല്‍ നിരീക്ഷിക്കുന്നതിലൂടെ ഭാവിയില്‍ ഇറാന്റെ ടണലുകളും നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന് യു.എസ് കരുതുന്നു. ഇറാനിലെ നീക്കങ്ങള്‍ക്ക് മുമ്ബ് ഗാസയില്‍ അതിന്റെ പരീക്ഷണമാണ് ഇസ്രയേലും യു.എസും നടത്തുന്നത്. 2,000 സൈനികരോട് സജ്ജരായിരിക്കാൻ പെന്റഗണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ഗാസയ്ക്ക് സമീപത്തേക്ക് വിന്യസിച്ചേക്കും.

Back to top button
error: