റഫ അതിര്‍ത്തിയുടെ ഒരുഭാഗത്ത് ജനങ്ങളും മറുഭാഗത്ത് സഹായവുമായെത്തിയ ട്രക്കുകളും കാത്തുകിടക്കുകയാണ്.എന്നാല്‍ അതിര്‍ത്തി തുറക്കാൻ ഈജിപ്ത് ഇനിയും തയ്യാറായിട്ടില്ല.
ഇസ്രായേലിന്റെ കനത്ത ഉപരോധം കാരണം അത്യാവശ്യ സാധനങ്ങളൊന്നും ഗസ്സയില്‍ ലഭ്യമല്ല. ഭക്ഷണ വസ്തുക്കള്‍, മരുന്ന്, ഇന്ധനം, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയൊന്നും കിട്ടാത്ത അവസ്ഥയാണ്. അതിര്‍ത്തിക്ക് സമീപം ഭക്ഷണവും മരുന്നുകളും വാട്ടര്‍ പ്യൂരിഫയറുകളും പുതപ്പുകളും മറ്റും നിരവധി എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ റഫയില്‍കൂടി ചരക്കുവാഹനങ്ങള്‍ കടത്തിവിടാൻ ഈജിപ്ത് തയാറാകുമോ എന്ന സംശയം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച അതിര്‍ത്തി തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈജിപ്ത് ഇനിയും ഇതിന് തയാറായിട്ടില്ല.ഇത് ഇസ്രായേലിനെ സഹായിക്കാനെന്നാണ് സൂചന.
എന്നാൽ ഈജിപ്തുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനപ്രതിനിധി ബോസ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സംഭവിക്കുമോ എന്ന് തങ്ങള്‍ ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിലവിലെ സാഹചര്യം മുതലെടുത്ത് സംഘര്‍ഷത്തിന് മേഖലയിലെ രാജ്യങ്ങളും കൂട്ടായ്മകളും തുനിഞ്ഞാല്‍ മറുപടി പരുക്കനായിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് മുന്നറിയിപ്പ് നൽകി. ശത്രുവിനെ കാത്തിരിക്കുന്നത് കൂടുതല്‍ കടുപ്പമേറിയ ആക്രമണം ആയിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ താക്കീത് നല്‍കിയതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.