മുംബൈ: ഗ്ലാമര്‍ നടിയും നര്‍ത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയില്‍ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തി, വീട്ടുജോലിക്കാരിലൊ രാള്‍ 3.5 ലക്ഷം രൂപ തട്ടിയെടുത്തു. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തിയതായും ജീവന്‍ ഭയന്ന് പണം നല്‍കുകയായിരുന്നുവെന്നും നടി പറഞ്ഞു. വീട്ടിലെ മറ്റു ജോലിക്കാര്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
സ്വന്തം വീട്ടുജോലിക്കാരനാണ് കവര്‍ച്ച നടത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറഞ്ഞു. ”ചിലര്‍ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതില്‍ ഖേദമുണ്ട്. ഒന്നിലധികം ഗുണ്ടകള്‍ കഴുത്തില്‍ കത്തിയുമായി ഭീഷണിപ്പെടുത്തി തോക്കിന് മുനയില്‍ നിര്‍ത്തുമ്പോള്‍ ശരിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിയ ആഭരണങ്ങള്‍ക്കൊപ്പം 3.5 ലക്ഷം രൂപയും അവര്‍ അപഹരിച്ചു” – അവര്‍ പറഞ്ഞു.
സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് നടി പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും മറ്റെല്ലാം തിരികെ നേടാം, പക്ഷേ ജീവന്‍ നേടാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.