ഇടുക്കി: കുമളിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയ ബെവ്‌കോ ഔട്ട്‌ലെറ്റ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു. കുമളി അട്ടപ്പള്ളത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് ഇന്നലെ രാവിലെയാണ് ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ലക്ഷത്തോളം രൂപയുടെ കച്ചവടവും നടന്നു.
ചെളിമടയില്‍ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചത് ഒരു മണിക്കൂര്‍ മാത്രമാണ്. അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‌ലെറ്റുമായി രണ്ടര വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുതിയ ഔട്ട്‌ലെറ്റ് ബലമായി അടപ്പിച്ചത്. സിപിഎം നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തില്‍ നിന്ന് ഔട്ട്‌ലെറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകര്‍ കാണിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് .
അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്‌ലെറ്റിലെത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണക്കെടുത്ത് സീല്‍ ചെയ്തു. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ചെളിമടയില്‍ എത്തുകയും ഔട്ട്‌ലെറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. ഔട്ട്‌ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കള്‍ ബലമായി ഔട്ട്‌ലെറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്‌ലെറ്റിന്റെ ലൈസന്‍സ് മാറ്റിയതിനാല്‍ ഇനി അട്ടപ്പള്ളത്തേക്ക് മാറ്റുക എളുപ്പമല്ല. ചെളിമടയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് എളുപ്പത്തില്‍ മദ്യം ലഭ്യമാക്കാന്‍ കഴിയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്ത നിന്ന് ഔട്ട്‌ലെറ്റ് മാറ്റിയതിതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സമയത്ത് കുമളിയിലെ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കാതിരിക്കുന്നതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.