തൃശ്ശൂര്‍: കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ എറണാകുളം -ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ -എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കി. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മതിലകം പുതിയകാവില്‍വെച്ച് ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് കൊറ്റംകുളത്ത് ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതെന്ന് പറയുന്നു.
വനിതാ കണ്ടക്ടര്‍ മതിലകം സ്വദേശി കൊട്ടാരത്ത് ലെമി (41), ഡ്രൈവര്‍ ചാവക്കാട് സ്വദേശി കുണ്ടുവീട്ടില്‍ ഗിരീഷ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ബസിന്റെ ചില്ല് തകര്‍ന്നതായും ഡ്രൈവര്‍ ഗിരീഷിന് കൈയ്ക്ക് പരിക്കേറ്റതായും ബസ് ജീവനക്കാര്‍ പറഞ്ഞു. ബസ് നിറയെ യാത്രക്കാരുള്ളപ്പോഴാണ് അക്രമം നടന്നത്.