IndiaNEWS

നവരാത്രി ഉത്സവ സ്റ്റാളുകള്‍ മുസ്ലീം വ്യാപാരികളെ ഒഴിവാക്കി ലേലം ചെയ്ത നടപടി സ്വാഗതാർഹമെന്ന് ന്ന് വി.എച്ച്.പി- ബജ്‌റംഗ്ദള്‍; സംഭവം മംഗ്ളൂറില്‍

   മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍ മുസ്ലീം വ്യാപാരികളെ പൂര്‍ണമായി തഴഞ്ഞ്  ലേലം ചെയ്ത നടപടി വി എച്ച് പി- ബജ്‌റംഗ്ദള്‍ ദക്ഷിണ കന്നട-ഉഡുപി കണ്‍വീനര്‍ ശരണ്‍ പമ്പ് വെല്‍ സ്വാഗതം ചെയ്തു.

അതേസമയം വ്യാപാര മേഖലയില്‍ മത വിഭാഗീയത പ്രകടമാവുന്ന ഈ അവസ്ഥ സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കണമെന്ന് ദക്ഷിണ കന്നട-ഉഡുപ്പി ജില്ല ഉത്സവ വ്യാപാരികളുടെ കോഓര്‍ഡിനേഷന്‍ കമിറ്റി ഓണററി പ്രസിഡന്റ് സുനില്‍ കുമാര്‍ ബജാല്‍ പറഞ്ഞു. മുസ്ലീം വ്യാപാരികളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് കമിറ്റി ജില്ല അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നതായി സിപിഎം നേതാവായ അദ്ദേഹം അറിയിച്ചു.

Signature-ad

 ലേലത്തില്‍പോയ സ്റ്റാളുകള്‍ അധികവും സ്ഥിതി ചെയ്യുന്നത് മംഗ്ളുറു കോര്‍പറേഷന്‍ സ്ഥലത്താണെന്ന് ദക്ഷിണ കന്നട-ഉഡുപ്പി ജില്ല ജാത്ര വ്യാപാരസ്ഥര സമവായ സമിതി കണ്‍വീനര്‍ ബി കെ ഇംത്യാസ് ആരോപിച്ചു. ക്ഷേത്രം കമിറ്റിയുടെ തീരുമാനം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തും ഇരുപതും വര്‍ഷമായി ക്ഷേത്രം ഉത്സവത്തിന് വ്യാപാരം പതിവാക്കിയ തങ്ങള്‍ക്ക് പോലും ഇതാദ്യമായി സ്റ്റാള്‍ അനുവദിച്ചില്ലെന്ന് റഫീഖ്, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ശാരിഖ് എന്നിവര്‍ പറഞ്ഞു.

നടപടി ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിലെ ജനങ്ങളിലും വ്യാപാരി സമൂഹത്തിലും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മംഗ്ളൂറിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് മതത്തിന്റെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ കച്ചവടത്തില്‍ നിന്ന് മാറ്റിനിറുത്തുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. സ്റ്റാളുകള്‍ ലേലത്തിന് വച്ചപ്പോള്‍ 71 എണ്ണം ഒരാള്‍ ഒമ്പത് ലക്ഷം രൂപയ്ക്ക് വിളിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ക്ഷേത്രം ഭരണസമിതിക്ക് ലഭിക്കുക.

നഗരത്തിലെ തിരക്കേറിയ കാര്‍ സ്ട്രീറ്റിലാണ് ലേലത്തില്‍ പോയ 71 സ്റ്റാളുകള്‍. ജില്ല ഡെപ്യൂടി കമ്മീഷനറുടെ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. ഞായറാഴ്ച മുതല്‍ ഈമാസം 24 വരെ നടക്കുന്ന ഉത്സവ സ്റ്റാളുകള്‍ക്ക് 7000 മുതല്‍ 25000 രൂപ വരെയാണ് ക്ഷേത്രം കമ്മിറ്റി നിശ്ചയിച്ച നിരക്ക്. ക്ഷേത്രത്തോട് അടുത്തു വരുന്നതിനനുസരിച്ചാണ് തുകയുടെ വര്‍ധന.

Back to top button
error: