NEWSPravasi

അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികൾ സൗദി പോലീസിന്റെ കസ്റ്റഡിയിൽ

റിയാദ്: അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിൽനിന്ന് 200 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലാണ് സംഭവം. നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥി റിയാദിൽ നിന്ന് പരിപാടി സ്ഥലത്ത് എത്തിച്ചേരും മുമ്പാണ് സംഘാടകരുടെ അറസ്റ്റ് നടന്നത്.

ഹോത്ത ബനീ തമീം പട്ടണത്തിലെ ഒരു കല്യാണമണ്ഡപത്തിലായിരുന്നു പരിപാടി ഒരുക്കിയിരുന്നത്. തദ്ദേശീയരുടെ പരാതിയുടെ പേരിൽ അവിടെയെത്തിയ പൊലീസ് സംഘാടകരോട് അനുമതി പത്രം ചോദിച്ചെങ്കിലും അങ്ങനെയൊന്നില്ലെന്ന് കണ്ടാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. പരിപാടി സ്ഥലത്ത് ബാനറുകളും കൊടിയും നാട്ടിയിരുന്നു.

Signature-ad

രാജ്യത്ത് സൗദി ജനറൽ എൻറർടെയ്മെൻറ് അതോറിറ്റിയുടെയോ എക്സിബിഷൻ ആൻഡ് കോൺഫറൻസ് ജനറൽ അതോറിറ്റിയുടെയോ മുൻകൂറ് അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികൾക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ലൈവ് പരിപാടികള്‍, ഫെസ്റ്റിവലുകള്‍, വിനോദ പ്രദർശനങ്ങൾ, നാടക പ്രകടനം, വിനോദ പരിപാടികള്‍ തുടങ്ങി പൊതുജനങ്ങളോ പ്രത്യേക ക്ഷണിതാക്കളോ പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് നടത്തുന്ന പരിപാടികൾക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് എൻറർടെയ്മെൻറ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വഴിയാണ് അനുമതി പത്രം നേടേണ്ടത്.

 

Back to top button
error: