മദ്യലഹരിയില്‍ ട്രെയിനില്‍ ജര്‍മന്‍കാരോട് ‘മൊട’യിറക്കി; യുവതിക്ക് ‘പണി’പോയിക്കിട്ടി
ന്യൂയോര്‍ക്ക്: യുഎസില്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള ട്രെയിനില്‍ ജര്‍മന്‍ സഞ്ചാരികളോട് അമേരിക്ക വിടാന്‍ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിയെ ജോലിയില്‍നിന്നു പുറത്താക്കി. ജര്‍മനിയില്‍നിന്നു യുഎസിലെത്തിയ ഒരു കൂട്ടം പുരുഷന്മാരോട് ‘ഞങ്ങളുടെ രാജ്യത്തുനിന്നു ഇറങ്ങി പോകൂ’ എന്ന് യുവതി ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണു നടപടി. ക്യാപിറ്റല്‍ ആര്എക്സിലെ ടാലന്റ് അക്വിസിഷന്‍ സ്പെഷലിസ്റ്റായ ബ്രിയാന പിന്നിക്സിനെ (30) ആണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. സംഭവസമയം യുവതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് വിവരം.
”മുന്‍വിധിയും വിവേചനപരവുമായ പെരുമാറ്റത്തിനെതിരെ ഞങ്ങളുടെ കമ്പനിക്കു സഹിഷ്ണുതയില്ലാത്ത നയമുണ്ട്. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം, ഞങ്ങള്‍ ഉടനടി പ്രവര്‍ത്തിക്കുകയും ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തിയിലും വാക്കുകളിലും കമ്പനിക്ക് ഉത്തരവാദിത്തമില്ല. വിഷമം തോന്നിയവരോടു ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു” ക്യാപിറ്റല്‍ ആര്‍എക്സിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോയില്‍, ജര്‍മന്‍കാരായ പുരുഷന്മാര്ക്കു നേരെ യുവതി ശബ്ദം ഉയര്‍ത്തുന്നത് കാണാം. പങ്കാളി ഇടപെട്ട് ഇവരെ ശാന്തയാക്കുന്നതും തുടര്‍ന്ന് സീറ്റിലേക്കു മടങ്ങുന്നതും വിഡിയോയിലുണ്ട്. എന്നാല്‍, കുറച്ചു സമയത്തിനുശേഷം, പെട്ടെന്ന് എഴുന്നേറ്റ് വന്ന് യുവതി ‘പൊട്ടിത്തെറി’ പുനരാരംഭിച്ചു. കുടിയേറ്റക്കാരെന്നും യുഎസില്‍നിന്ന് ഇറങ്ങി പോകണമെന്നും പറഞ്ഞായിരുന്നു യുവതിയുടെ ആക്രോശം.
‘Drunk’ woman chews out German tourists on NYC-bound train before telling them to ‘get the f–k out’ of US https://t.co/lmWT6nlG9r pic.twitter.com/TPeOJG7SKW
— New York Post (@nypost) October 4, 2023